വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഒക്‌ടോബർ 15. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ കലാം ആത്മാർഥതയുടെയും സത്യസന്ധതയുടെയും തിളങ്ങുന്ന പര്യായമായി ജനഹൃദയങ്ങളിൽ നിറയുന്നു. 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. ധനുഷ്കോടി – രാമേശ്വരം യാത്രയ്ക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്റേത്. രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളമായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു.
അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടന്നുപോയിരുന്ന ട്രെയിനുകൾ അവിടെ നിർത്താതിരുന്ന അക്കാലത്ത് പത്രങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ ഷംസുദ്ദീനെ അബ്ദുൾ കലാം സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ ഇന്നും കാണാവുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന അപൂർവകൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു കടയും ഇതിനോടുചേർന്നുതന്നെ കാണാം.
“സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്”
ആത്മകഥയായ അഗ്നിച്ചിറകുകളിൽ നിന്നും ഒരു വാചകം
രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു.എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ നല്ല പങ്കു വഹിച്ചിട്ടുണ്ട്.
രാമനാഥപുരത്തെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് കോളേജിൽനിന്നു ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ കലാമിന്റെ തുടർപഠനം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു. പൈലറ്റാകണം എന്ന ആഗ്രഹം പൂർത്തിയാക്കാൻ സാധിക്കാതെ 1960-ൽ എയ്‌റോനോട്ടിക്കൽ ഡിഫൻസ് എസ്റ്റാബ്ളിഷ്‌മെന്റിൽ ചേർന്നു. ഇന്ത്യൻ പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഭാഗമായ ഈ സ്ഥാപനത്തിൽ തുടരവേ ബഹിരാകാശഗവേഷണത്തിനായി സ്ഥാപിച്ച ഇൻകോസ്‌പാറിന്റെ (Incospar) പ്രവർത്തനങ്ങളിൽ പങ്കാളിയായി.
ഇന്ത്യൻ ബഹിരാകാശഗവേഷണത്തിന്റെ പിതാവായ വിക്രംസാരാഭായിയുമായുള്ള കലാമിന്റെ ബന്ധം ആരംഭിക്കുന്നത് അങ്ങനെയാണ്. 1969-ൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷ(ഐ.എസ്.ആർ.ഒ.)ന്റെ തുടക്കം കലാമിന്റെ ഔദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലായി. ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ എസ്.എൽ.വി.യുടെ പ്രോജക്‌ട് ഡയറക്ടറായ കലാം പരീക്ഷണ ഉപഗ്രഹങ്ങളായ രോഹിണിയെ ഭ്രമണപഥത്തിലെത്തിച്ചു. ഏകദേശം പത്തുവർഷം നീണ്ട ഈ പദ്ധതിയുടെ അമരക്കാരനെന്നനിലയിൽ ഇന്ത്യൻ ശാസ്ത്രഗവേഷണ രംഗത്തെ ദിശ നിർണയിക്കുന്നതിൽ കലാമിന്റെ പങ്ക് അവഗണിക്കാനാവാത്തതാണ്.
1980-കളിൽ ഇന്ത്യൻ പ്രതിരോധഗവേഷണ വികസനത്തിന്റെ ചുക്കാൻപിടിച്ച കലാം, മിസൈൽ സങ്കേതികവിദ്യയുടെ വികസനത്തിനു നേതൃത്വം വഹിച്ചു. അഗ്നിമിസൈലിന്റെ തുടക്കം ഈ പദ്ധതിയിലൂടെയായിരുന്നെങ്കിലും പിന്നീട് പൃഥ്വി, ത്രിശൂൽ, ആകാശ്, നാഗ് എന്നീ മിസൈലുകളുടെ നിർമാണത്തോടെ ഇന്ത്യൻ പ്രതിരോധരംഗത്തെ സുവർണ പദ്ധതിയായി അതുമാറി. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും പ്രതിരോധഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്നനിലയിലും 1992മുതൽ 1999വരെ പ്രവർത്തിച്ച കലാമിന്റെ കാലത്താണ് ഇന്ത്യ പൊഖ്‌റാനിലെ രണ്ടാം പരീക്ഷണത്തിനു തയ്യാറായത്. 1998 മേയ് 11-ന് നടത്തിയ ഓപ്പറേഷൻ ശക്തി എന്ന പദ്ധതിയുടെ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററായിരുന്നു കലാം.
ഇരുപതാം നൂറ്റാണ്ടിലെ അവസാനദശകത്തിലെ ഏറ്റവും പ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞനായി മാറിയിരുന്നു കലാം. അങ്ങനെ ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യുടെ സ്ഥാനാർഥിയെന്നനിലയിൽ രാഷ്ട്രപതിയായി നിർദേശിക്കപ്പെട്ട കലാമിന്റെ പേരിനു പ്രതിപക്ഷ കക്ഷികളുടെ അംഗീകാരം ലഭിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി മത്സരിച്ച ലക്ഷ്മി സെഗാളിനെ പരാജയപ്പെടുത്തി വിജയം നേടിയ കലാം ഇന്ത്യയുടെ 11-ാമത്തെ രാഷ്‌ട്രപതിയായി. രാഷ്ട്രപതിയാകുന്ന ആദ്യ ശാസ്ത്രജ്ഞനായ കലാമിന്റെ കാലം ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സവിശേഷമായ കാഴ്ചകൾക്ക് ഇടംനൽകി. അതുകൊണ്ടാണ് ‘ജനങ്ങളുടെ രാഷ്ട്രപതി’ എന്ന പേര് കലാമിന്റെ ജീവിതത്തിനൊപ്പം ചേർക്കപ്പെട്ടത് പൊതുവായ പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് രണ്ടാംവട്ടം രാഷ്ട്രപതി സ്ഥാനത്ത് തുടരുന്നതിൽനിന്നു പിന്മാറിയ കലാം തുടർന്നുള്ള ജീവിതം അധ്യാപനത്തിനായി മാറ്റിവെച്ചു.
നിരവധി സ്ഥാപനങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി പ്രവർത്തിച്ച അദ്ദേഹം തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ടെക്‌നോളജിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത രത്നം ഉൾപ്പെടെ നിരവധി കീർത്തിമുദ്രകൾ ആ സവിശേഷ ജീവിതത്തിനു തിലകം ചാർത്തി. മതേതരത്വത്തിന്റെയും മതാതീത ആത്മീയതയുടെയും ഭാരതീയ ദാർശനിക വഴികളിലൂടെയാണ് കലാം എന്നും സഞ്ചരിച്ചത്. 2015 ജൂലായ് 27-ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്ന മഹാനായ ആ അധ്യാപകൻ ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു. ഇന്ത്യൻ യുവത്വത്തെ ഗാഢമായി സ്വാധീനിച്ച കലാമിന്റെ ജീവിതം ഭാവിയുടെ ഉൗർജരേണുക്കളായി പടർന്ന് നിറയുമെന്ന യാഥാർഥ്യം കലാമിന്റെ ഏറ്റവും വലിയ സംഭാവനയായി കാലം രേഖപ്പെടുത്തും

