Thursday, September 24, 2026

സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോങ് ജനത പ്രക്ഷോഭം തുടരുന്നു ; രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് ചൈനീസ് പ്രസി‍ഡന്‍റ്

ബീജിങ് : ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം മുറുകുന്നതിനിടെ ചൈനയെ വിഭജിക്കാനും ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു ള്ള മുന്നറിയിപ്പുമായി പ്രസിഡന്‍റ് ഷിജിന്‍പിങ്. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും രാജ്യത്തെ ജനങ്ങള്‍ വഞ്ചകരായി മാത്രമേ കണക്കാക്കൂ. ചൈനീസ് പ്രസിഡന്‍റിന്‍റെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ചൈനീസ് ഭരണത്തില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കെയാണു പ്രസിഡന്‍റിന്‍റെ പ്രസ്താവന. ചൈനയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം. ഹോങ്കോങ്ങില്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരെ ചൈനയില്‍ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുന്‍പു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച തെരുവില്‍ പ്രക്ഷോഭം അരങ്ങേറുകയും ചെയ്തിരുന്നു.

വിവാദ ബില്‍ കഴിഞ്ഞ മാസമാദ്യം ചൈനീസ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്‌ട്രേറ്ററുമായ കാരി ലാം പിന്‍വലിച്ചെങ്കിലും പോരാട്ടം തുടരുമെന്നു സമരക്കാര്‍ നിലപാടെടുത്തു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാന്‍ ഹോങ്കോങ് പോലീസിനു കഴിയുമെന്നു ബീജിങ് അറിയിച്ചു.

Related Articles

Latest Articles