Wednesday, May 15, 2024
spot_img

വിവരാവകാശ കമ്മീഷണർമാരുടെ നിയമനം ! മൂന്നംഗ സർക്കാർ പട്ടിക തിരിച്ചയച്ച് ഗവർണർ ; നടപടി സർക്കാർ ശുപാർശ പട്ടികയിൽ പരാതി ഉയർന്നതോടെ

സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മൂന്നുപേരെ ശുപാർശ ചെയ്തുകൊണ്ടുളള സർക്കാർ പട്ടിക ഗവർണർ മടക്കി അയച്ചു. സുപ്രീംകോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണ് ഗവർണർ സർക്കാരിന്റെ ശുപാർശ പട്ടിക തിരിച്ചയച്ചത്.

വിഷയത്തിൽ സർക്കാർ വിശദീകരണം ലഭിച്ചശേഷമാകും ഗവർണർ തുടർനടപടി സ്വീകരിക്കുക. സ്വകാര്യ കോളജിൽ നിന്നു വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു മാദ്ധ്യമ പ്രവർത്തകനെയും കമ്മിഷണർമാരായി നിയമിക്കണമെന്നാണു സർക്കാർ ശുപാർശ ചെയ്തത്. നിയമം, സയൻസ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, മാദ്ധ്യമ പ്രവർത്തനം , സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടതെന്നാണ് വ്യവസ്ഥ. മൂന്നു വർഷമാണു വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി.

അർധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശ കമ്മിഷനിൽ കാര്യക്ഷമമായും നീതിപൂർവമായും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ഗവർണർക്ക് ലഭിച്ച പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles