Monday, June 17, 2024
spot_img

ഗവർണർ ശരിയായിരുന്നു എന്ന് തെളിഞ്ഞു; സുപ്രീംകോടതിവിധി ബാധകമാക്കിയാൽ പിണറായിയുടെ തട്ടിക്കൂട്ട് നിയമങ്ങളെല്ലാം പോളിയും; അഞ്ചു സർവ്വകലാശാലകളിലെ വിസി മാരുടെ കസേര തെറിപ്പിക്കാൻ രാജ്ഭവൻ ?

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല വി സി നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉറപ്പായി. വിസി നിയമനത്തിനായി പാനലിനു പകരം ഒറ്റപ്പേര് ഗവർണർക്ക് നിർദ്ദേശിച്ചതാണ് ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി കണ്ടെത്തിയത്. ഈ ചട്ടം ബാധകമാക്കിയാൽ നിലവിൽ അഞ്ചിലധികം വിസിമാരുടെ കസേര തെറിക്കുമെന്ന് ഉറപ്പായി. കണ്ണൂര്‍, കാലടി, ഫിഷറീസ്, എം.ജി., കേരള എന്നീ സര്‍വകലാശാലകളിലെ വി.സി. നിയമനങ്ങൾ ചോദ്യംചെയ്യപ്പെടാനിടയുണ്ട്. അങ്ങനെവന്നാല്‍ അത് വലിയ നിയമക്കുരുക്കിലേക്കു നീങ്ങും. കൂടാതെ ഈ നിയമനങ്ങളെല്ലാം യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുനഃപരിശോധനയ്ക്കു നടപടിയെടുത്താല്‍ സര്‍ക്കാരും സര്‍വകലാശാലകളും പ്രതിസന്ധിയിലാകും.

വി.സി. നിയമനത്തിന് മുന്നുമുതല്‍ അഞ്ചു വരെയുള്ളവരുടെ പാനല്‍ സെര്‍ച്ച് കമ്മിറ്റി നല്‍കണമെന്നാണ് യു.ജി.സി. ചട്ടം. ഈ പാനലില്‍നിന്ന് വി.സിയെ ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കണം. കണ്ണൂര്‍ വി.സിയുടെ ആദ്യനിയമനം പാനലില്‍നിന്നല്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്‌കൃത സര്‍വകലാശാലയിലെ വി.സി. നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി പാനല്‍ ഒഴിവാക്കിയതിനാല്‍ നിയമനം രണ്ടുമാസം ഗവര്‍ണര്‍ തടഞ്ഞുവച്ചിരുന്നു. പിന്നീട്, സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വഴങ്ങി. ഫിഷറീസ്, എം.ജി., കേരള സര്‍വകലാശാല വി.സി.മാരെ നിയമിച്ചപ്പോഴും പാനലുണ്ടായിരുന്നില്ല. കേരള വി.സിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ അതിലൊരു പുനഃപരിശോധനയ്ക്കു സാധ്യതയില്ല. മറ്റു വി.സിമാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടുതേടാം.പാർട്ടിക്കാരെയും ബന്ധുക്കളെയും സർവ്വകലാശാലകളിൽ നിയമവിരുദ്ധമായി നിയമിക്കുകയാണ് പിണറായി സർക്കാരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരുമായി ഈ വിഷയത്തിൽ ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ മറ്റു സര്‍വകലാശാലകളിലെ നിയമനത്തില്‍ പരിശോധനയ്ക്കു തുനിഞ്ഞാല്‍ വി.സി.മാരുടെ പദവി ചോദ്യംചെയ്യപ്പെടും. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരു കടുക്കാനും വഴിവെക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

Related Articles

Latest Articles