Saturday, June 1, 2024
spot_img

ദീപോത്സവത്തിനായി അയോദ്ധ്യ ഒരുങ്ങി; പതിനഞ്ച് ലക്ഷത്തിലധികം ദീപങ്ങൾ തെളിയുന്ന മഹോത്സവം നാളെ; രാമജന്മഭുമിയിലെ ആഘോഷങ്ങൾക്ക് പകിട്ടേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോദ്ധ്യയിലെത്തും

അയോദ്ധ്യ: മുഗൾഭരണകാലത്ത് തകർക്കപ്പെട്ട രാമക്ഷേത്ര ഗോപുരങ്ങൾ വീണ്ടുമുയർന്നുകൊണ്ടിരിക്കുന്ന അയോദ്ധ്യയിൽ നാളെ ദീപോത്സവം. രാജ്യത്തെ ഏറ്റവും വലിയ ദീപാവലി ആഘോഷത്തിൽ തെളിയുക പതിനഞ്ച് ലക്ഷത്തിലധികം ദീപങ്ങൾ. രാമജന്മഭുമിയിലെ ഭവ്യക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടാൻ കാലത്തിന്റെ നിയോഗം ലഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തവണത്തെ ദീപോത്സവത്തിൽ പങ്കെടുക്കും. ദീപോത്സവത്തിന്റെ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്‌ലോകളും പതിനൊന്ന് രാമലീല ടാബ്‌ലോകളും ദീപോത്സവത്തില്‍ അവതരിപ്പിക്കും . ഗ്രാന്‍ഡ് മ്യൂസിക്കല്‍ ലേസര്‍ ഷോയ്‌ക്കൊപ്പം സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയില്‍ നടക്കുന്ന 3ഡി ഹോളോഗ്രാഫിക് പ്രൊജക്ഷന്‍ മാപ്പിംഗ് ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷിയാകും.

ഒക്ടോബർ 23 വൈകുന്നേരം അഞ്ചു മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി ഭഗവാന്‍ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും നടത്തും, തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കും.തുടര്‍ന്ന് അദ്ദേഹം പ്രതീകാത്മക ഭഗവാന്‍ ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തും. വൈകുന്നേരം 6:30 ഓടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ദീപോത്സവത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെയും പശ്ചാത്തലത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles