ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനം. ഒക്യുപെന്‍സി സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്.
അസിസ്റ്റന്റ് ചീഫ് ടൗണ്‍ പ്ലാനറുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ചട്ടലംഘനവുമായി ബന്ധപ്പെട്ട് മുന്‍പ് കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിച്ചാലുടന്‍ തന്നെ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്നാണ് നിര്‍ദ്ദേശം. അഡീഷണല്‍ സെക്രട്ടറി സികെ ജോസാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പരിഹരിക്കാവുന്ന നിസാര പിഴവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും. അനുമതി നിഷേധിക്കാത്ത തരത്തിലുള്ള കാരണങ്ങള്‍ ഇല്ലായിരുന്നു എന്നുമാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്.
ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ സാജന്‍ പാറയില്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തത്.

