ആറന്മുള: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര ഇന്ന്. ആളും ആരവവുമില്ലാതെ ആചാരപരമായി മാത്രം നടക്കും. മഹാമാരിയുടെ രണ്ടാം വര്‍ഷം മൂന്ന് പള്ളിയോടങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ പാര്‍ഥസാരഥി ക്ഷേത്രക്കടവ് ഉത്രട്ടാതി ജലമേളയുടെ വേദിയായി മാറും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പമ്പാനദിയുടെ നെട്ടായത്തിൽ ചടങ്ങുകൾ ഇന്ന് ആചാരപരമായി നടക്കും. 52 പള്ളിയോടങ്ങളാണ് സാധാരണ ജലമേളയിൽ പങ്കെടുക്കുന്നത്.
എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തി വിവിധമേഖലകളെ പ്രതിനിധീകരിച്ച് മൂന്ന് പള്ളിയോടങ്ങൾക്കാണ് ഇക്കുറി ജലമേളയിൽ പങ്കെടുക്കാൻ അനുമതി. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. കിഴക്കൻ മേഖലയിൽ നിന്ന് കോഴഞ്ചേരി, മധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത്. മൂന്നിലുമായി 120 പേരായിരിക്കും എത്തുന്നത്. ഇന്ന് രാവിലെ 10.45 ന് പാർഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റില പുകയില നൽകി സ്വീകരിക്കും. ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. ഒരു പാലിയോടത്തിൽ 40 തുഴക്കാർ മാത്രമേ പ്രവേശിക്കാവു എന്നാണ് നിബന്ധന. പള്ളിയോടങ്ങളിലെത്തുന്ന കരനാഥന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. പള്ളിയോടത്തിൽ എത്തുന്നവർ ക്ഷേത്രക്കടവിൽ ഇറങ്ങാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പള്ളിയോട ക്യാപ്ടൻ വെള്ളമുണ്ടും ചുവന്ന തലയിൽക്കെട്ടും മറ്റുള്ളവർ വെള്ളമുണ്ടും വെള്ള തലയിൽക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നൽകിയ തിരിച്ചറിയൽ കാർഡില്ലാത്ത ആരും പള്ളിയോടത്തിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പള്ളിയോടം
ഭീഷ്മ പർവത്തിലെ ‘ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നിൽ’ എന്ന ഭാഗമാണ് പള്ളിയോടത്തിൽ ആദ്യ ഘട്ടം പാടുന്നത്. ക്ഷേത്രക്കടവിൽ നിന്ന് സത്രക്കടവിന്റെ ഭാഗത്തേക്ക് ഭീഷ്മ പർവം പാടി തുഴഞ്ഞ് നീങ്ങും. സത്രക്കടവിൽ ചവിട്ടിത്തിരിച്ച ശേഷം കിഴക്കോട്ട് പരപ്പുഴക്കടവ് വരെ വെച്ചു പാട്ടായ ‘ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക’ പാടി മൂന്ന് പള്ളിയോടങ്ങളും ഒന്നിച്ച് തുഴഞ്ഞ് നീങ്ങും. പരപ്പുഴകടവിൽ നിന്ന് തിരികെ പടിഞ്ഞാട്ടേക്ക് മൂന്ന് പള്ളിയോടങ്ങളും സന്താന ഗോപാലത്തിലെ ‘നീലകണ്ഠ തമ്പുരാനേട എന്ന വരികൾ ഒന്നിച്ച് പാടി തുഴഞ്ഞ് നീങ്ങും. ഇങ്ങനെ മൂന്ന് ഘട്ടമായി നടക്കുന്ന ജല ഘോഷയാത്ര മാത്രമായിരിക്കും ഇത്തവണ ഉത്രട്ടാതി ജലമേളയിൽ നടക്കുക.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona


