തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടരവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്താനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. മാതാപിതാക്കളിൽ നിന്ന് സ്വീകരിച്ച സാമ്പിളുകൾ ഫോറൻസിക് വിദഗ്ധർക്ക് കൈമാറി.
കുട്ടി നിലവിൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയാണ്. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം കുട്ടിയെ വിട്ടുനൽകും. അതിനിടെ കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംശയത്തിലുള്ളവരുടെ ഫോട്ടോ കാണിച്ച് മൊഴിയെടുക്കാനാണ് ശ്രമം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവിടം വിട്ടുപോകരുതെന്ന് മാതാപിതാക്കളോടും ബന്ധുക്കളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തികളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. പേട്ട ഓള്‍ സെയ്ന്റ്സ് കോളേജിന് സമീപത്തു മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. തുടര്‍ന്ന് പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തുടർന്ന് 19 മണിക്കൂറിനു ശേഷം രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

