Tuesday, May 21, 2024
spot_img

ആരിഫ് മുഹമ്മദ് ഖാന്റെ കാലു കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത വി ഡി സതീശനുണ്ടോ? | FB Post

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവര്‍ണറെന്നും സതീശന്‍ വിമര്‍ശിച്ചു. സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നും ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗവര്‍ണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് പഠിക്കണമെന്ന ഗവര്‍ണറുടെ ഉപദേശത്തിനും സതീശന്‍ മറുപടി പറഞ്ഞു. മഹാത്മാ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനേയും പോലെ കോണ്‍ഗ്രസിലെ മഹാന്‍മാരായ നേതാക്കളുടെ നല്ല വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഉപദേശങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നയാളാണ്.
എന്നാല്‍ ഒരുകാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ല. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട് വെറുതെ ഇരുന്നാലും ശരി ഗവര്‍ണറാകുന്നതിന് മുന്‍പ് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. എന്നാൽ ഇപ്പോൾ വി.ഡി. സതീശൻ ഗവർണർക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്..

ശരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ വന്നതുകൊണ്ടാണ് പ്രശ്നങ്ങൾ എന്നാല്ലോ വി.ഡി. സതീശൻ പറയുന്നത്. ഖാൻ, കമ്യൂണിസ്റ്റ് വിരോധി ആയതിനാൽ പ്രശ്നങ്ങളുണ്ടാക്കുന്നു കൊണ്ടാക്കുന്നു എന്നാണല്ലോ സി പി എം വ്യാഖ്യാനം. ഗവർണർ ചെലവു വരുത്തൽ മാത്രമാണ് ചെയ്യുന്നത്, പദവി തന്നെ വേണ്ടാത്തതാണെന്നാണല്ലോ സി പി ഐ നേതാവ് കാനം പറയുന്നത്.
ശരി, 1988-1990 കാലത്ത് കേരളത്തിലെ ഗവർണർ രാം ദുലാരി സിൻഹയായിരുന്നു. ബീഹാറിൽ നിന്നുള്ള, ഗവർണറാകുന്ന ആദ്യ സ്ത്രീ.
കോൺഗ്രസ്കാരി, വി.ഡി. സതീശാ… കോൺഗ്രസ്കാരി. ആദ്യ ലോക്സഭയിൽ അംഗം, നെഹ്രുവിനൊപ്പം പ്രവർത്തിച്ചു. ഇന്ദിരാ ഗാന്ധി കേന്ദ്ര മന്ത്രിയാക്കി. രാജീവ് ഗാന്ധിയും മന്ത്രിയാക്കി, പിന്നീട് കേരള ഗവർണറാക്കി. പാർട്ടി മാറിയില്ല, കോൺഗ്രസിൽ കുളിച്ച് നിൽക്കുകയായിരുന്നു എക്കാലവും.
1988 ൽ കമ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിൽ; ഇ.കെ.നായനാർ മുഖ്യമന്ത്രി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് കമ്യൂണിസ്റ്റുകാരെ നിയോഗിക്കാനുള്ള സി പി എം ശ്രമം അവർ തടഞ്ഞു. ഓർഡിനൻസിൻ്റെ ആറാട്ടായിരുന്നു അക്കാലത്ത്. അതും ചെറുത്തു. നായനാർ ഉടക്കി. നിയമസഭ ഗവർണർക്കെതിരെ പ്രമേയം പാസാക്കി. SFIക്കാർ രാജ്ഭവൻ മാർച്ച് നടത്തി. രാജ്ഭവന് സർക്കാർ ഉപരോധങ്ങൾ ഏർപ്പെടുത്തി. ചെലവിനു പണം കൊടുക്കാതായി. ദക്ഷിണ ഇന്ത്യക്കാരിയായ ഗവർണർ, സ്ലീവ് ലസ് ബ്ലൗസ് ധരിക്കുന്നത് അവരുടെ രീതി, മൗലികാവകാശം. അതിനെപ്പോലും കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പരസ്യമായി പരിഹസിച്ചു. വനിതയെ ബ്ലൗസിൻ്റെ പേരിൽ അപമാനിച്ച അക്കാലത്ത് ഫെമിനിസം ബാലാരിഷ്ടത കടന്നിരുന്നില്ലായിരിക്കണം. പ്രക്ഷോഭമോ പ്രസ്താവനയോ കണ്ടതായി ഓർമയില്ല.
സതീശാ, ആരിഫല്ല, അവരുടെ പ്രശ്നം. അത് മനസിലാക്കാൻ മസ്തിഷ്കത്തിൻ്റെ നിയന്ത്രണം എകെജി സെൻററിൽ നിന്ന് മാറ്റണം. അവലക്ഷണം.
പറവൂർ മണ്ഡലത്തിലെ പുനർജനി പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന എൽ ഡി എഫിൻ്റെ ആവശ്യം ഗവർണറുടെ പക്കൽ നിവേദനങ്ങളായി എത്തിയിട്ടുണ്ടെന്നത് ശരി. അതിന് ഗവർണറെ മോശക്കാരനാക്കിയിട്ടെന്തു ഫലം?
കാനം രാജേന്ദ്രന് സി പി ഐ മന്ത്രിമാരുടെ കാര്യത്തിൽ പോലും നിയന്ത്രണമില്ല. സി പി ഐ എന്ന പാർട്ടിയെത്തന്നെ പിണറായി വിജയൻ്റെ കക്ഷത്തിലാക്കി കീഴടങ്ങി നിൽക്കുന്ന കാനത്തിന് പാർട്ടിയേക്കാൾ കുടുംബ ഭദ്രതയാണ് മുഖ്യം. മൂന്നാം വട്ടവും പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ തടസമില്ലെന്ന് പാർട്ടി ഭരണഘടനയിൽ ഗവേഷണം നടത്തി കാനം കണ്ടു പിടിച്ചു. അങ്ങനെയായാൽ കൂടുതൽ സുഗമമാകുമെന്ന് പിണറായിയും തീരുമാനം കുറിച്ചു. ആ കാനമാണ് ഗവർണർക്കെതിരെ ചാവേർ.
രാജ് ഭവനിൽ പാഴ്ചെലവാണത്രെ. ഗവർണർ പദവി വേണ്ടത്രെ.
1996 മുതൽ 98 വരെ കേന്ദ്ര സർക്കാർ ഭരിച്ചത് സിപിഐ ഉൾപ്പെട്ട ഐക്യമുന്നണി സർക്കാരല്ലായിരുന്നോ? സിപിഎം അല്ലായിരുന്നോ സ്റ്റിയറിങ് പിടിച്ചിരുന്നത്!? ആഭ്യന്തര വകുപ്പ് സിപിഐയ്ക്കായിരുന്നില്ലേ. പാർട്ടിയുടെ എക്കാലത്തേയും ശക്തൻ ഇന്ദ്രജിത് ഗുപ്തയായിരുന്നില്ലേ മന്ത്രി! കോൺഗ്രസ് പിന്തുണയ്ക്കുകയായിരുന്നില്ലേ. ഗവർണറെ നിശ്ചയിക്കുന്നത് ആഭ്യന്തര വകുപ്പല്ലേ. ഗവർണർ പദവി വേണ്ടെന്ന് ഓർഡിനൻസ് ഒപ്പിടീക്കാമായിരുന്നില്ലേ? പകരം, കമ്യൂണിസ്റ്റ് കാരനായ സുഖ്ദേവ് സിങ്ങിനെ കവടിയാറിൽ അവരോധിച്ച് ഖജനാവ് മുടിച്ചില്ലേ? വിവരാവകാശ നിയമം വച്ച് അക്കാലത്തെ ഇടപാടും പുറത്തു കൊണ്ടു വരാം…
ഇതു കൂടി; ഒന്നാം തരം രാഷ്ട്രീയക്കാരനായിരുന്ന, ആദ്യം RSS ഉം പിന്നെ ബിജെപിയുമായ ബംഗാൾ സ്വദേശി തഥാഗത് റോയ് ത്രിപുരയുടെ ഗവർണറായി 2015 മുതൽ 2018 വരെ.
ഗവർണറുമായി സിപിഎം സർക്കാർ എന്നും കലഹമായിരുന്നു. 2018 ലെ തെരഞ്ഞെടുപ്പിൽ, 25 വർഷത്തെ തുടർ ഭരണത്തിൽ നിന്ന് കമ്യൂണിസ്റ്റുകളെ പുറത്താക്കി ജനങ്ങൾ. 25 വർഷം പ്രതിപക്ഷത്തിരുന്ന് സിപിഎമ്മിന് ശിങ്കിടിപാടിയ, ഗവർണറെ കൂക്കിവിളിച്ച കോൺഗ്രസുകാരും സംസ്ഥാനത്തു നിന്ന് പറ പറന്നു, അല്ല, ജനം പറത്തി. പകരം ബിപ്ലവ് വന്നു അധികാരത്തിൽ. ബിപ്ലവ് ദാസ് ഗുപ്തയല്ല, ബിജെപിയുടെ ബിപ്ലവ് കുമാർ ദേവ്.
എവടെ! ഇതൊക്കെ അറിയാഞ്ഞിട്ടാണോ. ആരീഫ് മുഹമ്മദ് ഖാന് ഗവർണർ പദവിയല്ല പ്രധാനം: സത്യവും ധർമവും മര്യാദയും മാന്യതയുമാണ്.

എന്തായാലും ഇപ്പോൾ കേരളത്തിലെ മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫിന്റെ ആജീവനാന്ത പെൻഷൻ പദ്ധതി നിർത്തലാക്കുവാൻ ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഭിനന്ദനങ്ങൾ.
1984 മുതൽ LDF ഉം UDF ഉം ചേർന്ന് കേരളത്തിലെ ജനങ്ങളുടെ കോടികണക്കായ നികുതിപ്പണം ഖജനാവ് കൊള്ളയിലൂടെ സ്വന്തമാക്കിയിരുന്ന LDF ഉം- UDF ഉം കേരളത്തിലെ ജനങ്ങളോട് മാപ്പു പറയുവാൻ തയ്യാറാകണം. കേന്ദ്ര മന്ത്രിമാർക്കു പോലും 10 ഓ 11 ഓ പേഴ്സണൽ സ്റ്റാഫുകൾ മാത്രമുള്ളപ്പോൾ കേരളത്തിലെ മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും ഒരു പണിയും ഇല്ലാത്ത ചീഫ് വിപ്പിനു പോലും 20 പേഴ്സണൽ സ്റ്റാഫുകൾ. രണ്ടുവർഷം പൂർത്തിയാക്കിയാൽ അടുത്ത ടീം കയറുന്നു. ആജീവനാന്ത പെൻഷൻ ഉറപ്പിയ്ക്കുന്നു. ഈ രാജ്യത്ത് കേരള സംസ്ഥാനത്ത് മാത്രമുള്ള പെരും കൊള്ള. ഇവരുടെ യാത്രാബത്തയും ശമ്പളവുമൊക്കെയായി വേറെയും കോടികൾ.
പിണറായി വിജയൻ എന്ന ചേട്ടൻ ബാവയുടെ അനിയൻ ബാവയായി പ്രവർത്തിക്കുന്ന വി.ഡി.സതീശനെ കാണുമ്പോഴാണ് രമേശ് ചെന്നിത്തല എത്ര ഭേദമായിരുന്നു എന്നു തോന്നുന്നത്.
ഈ കള്ള കൂട്ടങ്ങളുടെ പെരും കൊള്ളയ്ക്കെതിരെ പോരാടുന്ന, ജനങ്ങളുടെ നികുതിപ്പണം സംരക്ഷിക്കുവാൻ ശ്രമിയ്ക്കുന്ന ഗവർണർ ആരീഫ് മുഹമ്മദ് ഖാന് അഭിനന്ദനങ്ങൾ.

Related Articles

Latest Articles