Wednesday, January 7, 2026

പ്രതിഷേധം പ്രതീക്ഷിച്ച് സർക്കാർ അരിക്കൊമ്പന്റെ പുനരധിവാസകേന്ദ്രം അവസാന നിമിഷം വരെ രഹസ്യമാക്കി; നിറഞ്ഞ മനസ്സോടെ ആനയെ സ്വീകരിച്ച് പൂജയൊരുക്കി വനവാസികൾ; ചിന്നക്കനാലിൽ അരിക്കൊമ്പനെ തിരക്കി പന്ത്രണ്ടംഗ കാട്ടാനക്കൂട്ടം!

ഇടുക്കി: പ്രതിഷേധം പ്രതീക്ഷിച്ച് കാര്യങ്ങൾ സർപ്രൈസ് ആക്കിവച്ച സർക്കാരിന് വനവാസികളുടെ സർപ്രൈസ്. ചിന്നക്കനാലില്‍ നിന്ന് മയക്ക് വെടിവെച്ച് പിടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി പൂജ നടത്തി മന്നാൻ വനവാസി വിഭാഗം. രാത്രിയോടെ അരികൊമ്പനെയും വഹിച്ചുള്ള വാഹനം വന്യ ജീവി സങ്കേതത്തിന്റെ കവാടത്തിലെത്തിയപ്പോഴായിരുന്നു പൂജ നടത്തിയത്. ജനങ്ങളുടെ വിശ്വാസങ്ങള്‍ കണക്കിലെടുത്താണ് പൂജ നടത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു. വനം വകുപ്പും ദൗത്യ സംഘാംഗങ്ങളും നിറഞ്ഞ മനസ്സോടെയാണ് പൂജയിൽ സഹകരിച്ചത്. എയർ ആംബുലൻസ് അടക്കമുള്ള വാഹന വ്യൂഹം പൂജക്കായി നിർത്തിയിട്ടിരുന്നു.

ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള സീനിയറോഡയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. അതേസമയം അരിക്കൊമ്പനെ തേടി ചിന്നക്കനാലിൽ ഇന്ന് കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്. സിമന്റ്പാലത്ത് പന്ത്രണ്ട് ആനകളുള്ള സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ഈ ആനകൾ ഉള്ളത്. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിക്കുന്നുണ്ട്.

Related Articles

Latest Articles