ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ട്രക്ക് കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. ഇനി നദി കേന്ദ്രീകരിച്ചാകും സൈന്യം തെരച്ചിൽ നടത്തുക. നദീതീരത്ത് നിന്ന് ഒരു സിഗ്നൽ കൂടി ലഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ മണ്ണ് നീക്കിയുള്ള പരിശോധന തുടരുകയാണ്.
നേരത്തെ അര്‍ജുനായുള്ള രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള കരയിലെ തെരച്ചിൽ ഇന്നത്തോടെ പൂർത്തിയാകുമെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കിയിരുന്നു . നാളെ മുതൽ നദിയിലെ തെരച്ചിൽ സജീവമാക്കാനാണ് തീരുമാനം. അർജുന്റെ ട്രക്ക് കരയിൽ ഇല്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം.
റഡാർ പരിശോധനയിൽ ലോഹ സാന്നിധ്യം സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളിൽ സ്ഥലത്ത് മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ആശ്വാസകരമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. രണ്ട് മണിക്കൂർ നീണ്ട മണ്ണ് മാറ്റിയുള്ള തെരച്ചിലിൽ ആദ്യ പോയിന്റിൽ മുഴുവൻ മണ്ണും രണ്ടാം പോയിന്റിൽ 98 ശതമാനം മണ്ണും നീക്കിയിട്ടും ട്രക്കിന്റെ യാതൊരു ഭാഗവും കണ്ടെത്താനായില്ല.
ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ, ഫെറക്സ് ലോക്കേറ്റർ 120 എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിലാണ് നേരത്തെ സിഗ്നൽ ലഭിച്ചിരുന്നത്. രാവിലെ മുതൽ സ്കൂബ ഡൈവേഴേ്സ് സമാന്തരമായി ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന.

