Thursday, May 2, 2024
spot_img

അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത; കരസേനാ മേധാവി ലഡാക്കില്‍

ദില്ലി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കരസേന മേധാവി ജനറല്‍ എം.എം. നരവനെ. ചൈനയുമായി സംഘര്‍ഷ സാദ്ധ്യത തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. റെചിന്‍ ലാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അദ്ദേഹം നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ഒരു ദിവസം മുഴുവന്‍ നീണ്ട നിന്ന സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെ 8.30 ഓടെയാണ് അദ്ദേഹം ലഡാക്ക് അതിര്‍ത്തിയില്‍ എത്തിയത്. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഉന്നതഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിച്ചു.

കമാന്‍ഡിംഗ് ഓഫീസറും ഫയര്‍ ആന്‍ഡ് ഫ്യൂരി സൈനിക ഉദ്യോഗസ്ഥരും സൈനിക തയാറെടുപ്പുകളെ പറ്റി വിശദീകരിച്ചു. ജനറല്‍ പി.കെ.ജി. മേനോനുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച്‌ മേനോന്‍ നരവനെയോട് വിശദീകരിച്ചു. ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച്‌ സൈനികര്‍ക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. മോശം കാലാവസ്ഥയിലും അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരുന്ന സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. നിയന്ത്രണ രേഖയിലെ ഇന്ത്യ – ചൈന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡിസംബര്‍ 18ന് ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Related Articles

Latest Articles