Thursday, January 8, 2026

അരുണാചൽപ്രദേശിൽ സേനാ ഹെലികോപ്റ്റർ അപകടം:2പൈലറ്റുമാരും വീരമൃത്യു വരിച്ചതായി സ്ഥിരീകരണം

ഇറ്റാനഗര്‍ : അരുണാചൽപ്രദേശിലെ മണ്ടാല പർവ്വത മേഖലയിൽ തകർന്നു വീണ സൈനിക ഹെലികോപ്റ്ററിലെ രണ്ടു പൈലറ്റുമാരും അപകടത്തിൽ വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വി.വി.ബി.റെഡ്ഡി, മേജർ എ. ജയന്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നു രാവിലെയാണ് മൻഡാല മലനിരകൾക്കു സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.

അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ സാംഗെ ഗ്രാമത്തിൽ നിന്ന് അസമിലെ സോനിത്പൂർ ജില്ലയിലെ മിസമാരിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. രാവിലെ ഒൻപതിന് പറന്നുയർന്ന കോപ്റ്ററുമായി എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ബന്ധം 9.15ഓടെ വിച്‌ഛേദിക്കപ്പെട്ടു. പിന്നാലെ മണ്ടാല മലനിരകളിൽ ഹെലികോപ്റ്റർ തകർന്നതായി സ്ഥിരീകരിച്ചു.

ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) സംയുക്തമായി നടത്തിയ തിരച്ചിലിൽ മണ്ടാല പർവ്വതത്തിന്റെ കിഴക്കൻ ഗ്രാമമായ ബംഗ്ലാജാപ്പിന് സമീപം കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തി. എന്നാൽ പൈലറ്റിനെയും സഹപൈലറ്റിനെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Related Articles

Latest Articles