Monday, May 13, 2024
spot_img

രൂപയിലുള്ള ഇടപാട്: സന്നദ്ധത പ്രകടിപ്പിച്ച് 35ഓളം രാജ്യങ്ങൾ

ദില്ലി : ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്‍പ്പടെ 35 ഓളം രാജ്യങ്ങള്‍ രൂപയിലുള്ള ഇടപാടിന് താല്‍പര്യം പ്രകടിപ്പിച്ചതായി ബാങ്കിങ് വൃത്തങ്ങള്‍. രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരും ആര്‍ബിഐയും പ്രത്യേക പദ്ധതി ആസുത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി ബോധവത്കരണം, പ്രചാരണം എന്നിവ നടത്താന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷ(ഐബിഎ)നോട് ധനമന്ത്രാലയം ആവശ്യപ്പെട്ടതായി സൂചനകളുണ്ട് . റിസര്‍വ് ബാങ്കാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. രൂപയുടെ അന്താരാഷ്ട്ര ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ ധനകാര്യ സേവന വകുപ്പ് ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളും രൂപയിലുള്ള ഇടപാടിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഡോളറിലുള്ള കടുത്ത കരുതല്‍ ക്ഷാമം നേരിടുന്നുണ്ട് എന്നത് രൂപയിലേക്ക് തിരിയാൻ ഈ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. റഷ്യയുമായി ഇതിനകം രൂപയില്‍ ഇടപാട് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യന്‍ ബാങ്കുകളില്‍ റഷ്യന്‍ ബാങ്കുകളുടെ ഒമ്പത് പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചതായി വാണിജ്യ സെക്രട്ടറി സുനില്‍ കുമാര്‍ ബര്‍ത്ത്വാള്‍ പറഞ്ഞിരുന്നു. റഷ്യയിലെ മുന്‍നിര ബാങ്കുകളായ സ്‌പെര്‍ ബാങ്ക്, വിടിബി ബാങ്ക് എന്നിവയുമായാണ് പ്രധാനമായും ഇടപാട് നടക്കുന്നത്. മറ്റൊരു റഷ്യന്‍ ബാങ്കായ ഗാസ്‌പ്രോമും യൂക്കോ ബാങ്കില്‍ ഇത്തരത്തിലുള്ള അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles