Friday, January 9, 2026

അനധികൃത സ്വത്ത് സമ്പാദന കേസ്: കോഴിക്കോട് ഡിവൈഎസ്പി ഹംസക്കെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിയായ ഡിവൈഎസ്പിക്കെതിരെ അറസ്റ്റ് വാറണ്ട്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസക്കെതിരെയാണ് വാറണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ഡിവൈഎസ്പിക്കെതിരെ തൃശൂർ വിജിലൻസ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.

കേസുമായി ബന്ധപ്പെട്ട് വിജിലൻസിന് മുൻപാകെ ചോദ്യം ചെയ്യലിന് നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ഹംസയോട് മാർച്ച് 29, 30 തിയ്യതികളിലായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പ്രത്യേക വിജിലൻസ് സംഘം നിർദ്ദേശം നൽകിയത്. എന്നാൽ ഹംസ ലീവെടുത്ത് മാറി നിൽക്കുകയും, ഹാജരാകാതെ വന്നതോടെയുമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയ്ക്കായി അന്വേഷണ സംഘം വിജിലൻസ് കോടതിയെ സമീപിച്ചത്.

2019 ഓഗസ്റ്റ് 14നാണ് ഹംസയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും അഴിമതിക്കും വിജിലൻസ് കേസെടുത്തത്. കേസിൽ ഡി വൈ എസ് പി ഹംസയെ രക്ഷിക്കാൻ വസ്തു ഇടപാടിൻ്റെ പേരിൽ വ്യാജരേഖ ചമച്ച സി പി എം വാളയാർ ലോക്കൽ കമ്മറ്റിയംഗം മുഹമ്മദ് റാഫിയെ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഹമ്മദ് റാഫിയുടെ ജാമ്യാപേക്ഷയും തൃശൂർ വിജിലൻസ് കോടതി തള്ളിയിരുന്നു.

Related Articles

Latest Articles