Friday, May 3, 2024
spot_img

കലോത്സവ കോഴ ആരോപണം; എസ്എഫ്ഐയ്ക്ക് കുരുക്ക് മുറുകുന്നു! വെള്ളമോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം തടവിലാക്കി, മർദ്ദിച്ചു; വെളിപ്പെടുത്തലുമായി പ്രതികൾ

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ട് വിധികർത്താവ് ജീവനൊടുക്കിയതിൽ എസ്എഫ്ഐയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രതികൾ. എസ്എഫ്ഐ പ്രവർത്തകർ മണിക്കൂറുകളോളം തടവിലാക്കിയെന്നും ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചെന്നും പ്രതികൾ വെളിപ്പെടുത്തി. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണ, വൈസ് പ്രസിഡന്റ് എ.എ.അക്ഷയ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എ. നന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവച്ച് മർദ്ദിച്ചെന്നാണ് കേസിലെ പ്രതികളായ നൃത്തപരിശീലകർ ജോമറ്റ് മൈക്കിളും സൂരജും പറഞ്ഞത്.

സെനറ്റ് ഹാളിനുള്ളിലെ മുറിയിൽ വെള്ളമോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം തടവിലാക്കിയെന്നും മർദ്ദിച്ചുവെന്നുമാണ് പ്രതികൾ മൊഴി നൽകിയത്. വിധികർത്താവിനോട് ഷാജി, തനിക്ക് ത‍ടിയുണ്ടല്ലോടോ കിളച്ച് തിന്നൂടെ എന്ന ആക്ഷേപിക്കുകയും ചെയ്തു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും ഹോക്കി സ്റ്റിക്ക് കൊണ്ടും ഷാജിക്ക് മർദ്ദനമേറ്റുവെന്നും ജോമറ്റ് മൈക്കിൾ പറഞ്ഞു. നാട്ടിലെത്തിയാൽ മരിക്കുമെന്ന് സംഘാടകരോട് തന്നെ പറഞ്ഞിരുന്നതായി ജോമറ്റ് വെളിപ്പെടുത്തി.

അതേസമയം, ഇത്തരത്തിൽ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ വാദം. പോലീസ് കാവലിലാണ് വിധികർത്താക്കളെ ഇരുത്തി ചോദ്യം ചെയ്തതെന്നാണ് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ അക്ഷയ് പറഞ്ഞത്. സംഘാടകരുടെ പക്കലുണ്ടായിരുന്ന ഷാജിയുടെ ഫോണിലേക്ക് തുടർച്ചയായി കോളുകളും സന്ദേശങ്ങളും വന്നപ്പോഴാണ് ഫോൺ പരിശോധിച്ചത്. അതിൽ ചില ടീമുകളുടെ ചെസ്റ്റ് നമ്പർ ഉൾപ്പെടെയുള്ള സന്ദേശങ്ങളുണ്ടായിരുന്നു.ഷാജിയുടെ ഫോണിൽ നിന്ന് ജോമറ്റിനെയും സൂരജിനെയും വിളിച്ചുവരുത്തി. ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് അക്ഷയുടെ വിശദീകരണം. പ്രതികളുടെ പരാതിയിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്.

Related Articles

Latest Articles