പാലക്കാട്: യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ. അരുൺ കുമാറിന്റെ കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരിശീലനം ലഭിച്ച സിപിഎം ക്രിമിനലുകളാണ് കൊലപാതകം നടത്തിയതെന്നും സി.ആർ പ്രഫുൽകൃഷ്ണൻ.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
അരുൺകുമാറിൻ്റെ കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ….പരിശീലനം ലഭിച്ച സി പി എം ക്രിമിനലുകളാണ് കൊലപാതകം നടത്തിയത്.തരൂർ പഞ്ചായത്തിലെ പത്താം വാർഡിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഒരു വോട്ടിനു മാത്രമാണ് ബിജെപി പരാജയപ്പെട്ടത്.തരൂർ പഞ്ചായത്തിൽ അരുണിൻ്റെ നേതൃത്വത്തിൽ മലപ്പുറം കാവന്നൂർ പീഡനത്തിനെതിരായി യുവമോർച്ചയുടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതും സി പി എം നേതൃത്വത്തെ ചൊടിപ്പിച്ചു.
ബിജെപിയുടെ വളർച്ചയിൽ അസഹിഷ്ണുതയുള്ള സിപിഎം നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.മുൻ മന്ത്രി എ കെ ബാലന് നിർണ്ണായകമായ സ്വാധീനമുള്ള പ്രദേശമാണ് ഇത്. എ കെ ബാലന് സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കൊലപാതകത്തെക്കുറിച്ച് ഗൗരവകരമായ അന്വേഷണത്തിന് പോലീസ് തയ്യാറാകുന്നില്ല. സി പി എം നിർദ്ദേശാനുസാരം മാത്രം ചലിക്കുന്ന പാവകളായി പാലക്കാട്ടെ പോലീസ് മാറിയിരിക്കുന്നു. ലോകസമാധാനത്തിന് ബജറ്റിൽ രണ്ട് കോടി മാറ്റി വെച്ച സർക്കാർ സ്വന്തം പാർട്ടിക്കാർക്ക് ബോധവൽക്കരണം നൽകുകയാണ് ആദ്യം വേണ്ടത്. എന്നും അദ്ദേഹം പറഞ്ഞു.

