Sunday, December 14, 2025

ആന ഉള്‍വനത്തിലേക്ക് പിന്തിരിഞ്ഞതും ഇരുട്ട് പടരാൻ ആരംഭിച്ചതും പ്രതിസന്ധിയായി !ഓപ്പറേഷൻ ബേലൂർ മാഖ്ന ഇന്നത്തേക്ക് നിർത്തി വച്ചു ; പ്രതിഷേധവുമായി നാട്ടുകാർ

മാനന്തവാടി:വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മാഖ്നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ചു. മണ്ണുണ്ടി കോളനിക്ക് അടുത്തുള്ള വനമേഖലയില്‍ ആനയെ തെരഞ്ഞുപോയ ദൗത്യസംഘം തിരിച്ചിറങ്ങി. കുങ്കികളുടെ സാന്നിധ്യം മനസിലാകുന്നതോടെ ആന തുടർച്ചയായി സ്ഥാനം മാറുന്നു എന്നാണ് വിവരം. ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതോടെ തങ്ങള്‍ എന്ത് വിശ്വസിച്ച് ഒരു രാത്രി ആനയപ്പേടിച്ച് കഴിയുമെന്ന ചോദ്യത്തോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

നേരത്തെ ബാവലി മേഖലയില്‍ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടി കോളനി ഭാഗത്തേക്ക് മാറി. ഇവിടെ വച്ച് ഉള്‍വനത്തിലേക്ക് പിന്തിരിഞ്ഞതും ഇരുട്ട് പടരാൻ ആരംഭിച്ചതുമാണ് ദൗത്യം താത്കാലികമായി അവസാനിപ്പിക്കാൻ ദൗത്യസംഘത്തെ പ്രേരിപ്പിച്ചത്.

ഡിഎഫ്ഒ. സ്ഥലത്തെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ വാഹനത്തിന് മുന്നില്‍ കിടന്നും നാട്ടുകാര്‍ പ്രതിഷേധിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണുണ്ടി കോളനിയില്‍ എത്തി.

സ്ഥിരം കുഴപ്പക്കാരനും അക്രമകാരിയുമായ മോഴയാനയായ ബേലൂർ മാഖ്നയെ കഴിഞ്ഞ നവംബറിൽ ഹാസനിലെ ബേലൂരിൽ നിന്ന് പിടികൂടിയിരുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെയാണ് ഈ ആനയെ അന്ന് പിടികൂടിയത്.ഇന്നലെ രാവിലെ ഏഴ് മണിയോടെ മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയാണ് ആനകർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് ഭയന്നോടിയ അജീഷ് സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടികൾ കയറി ഗേറ്റ് തകർത്തെത്തിയ ബേലൂർ മാഖ്ന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടി കൊല്ലുകയായിരുന്നു.

Related Articles

Latest Articles