Thursday, May 2, 2024
spot_img

“ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടി !” കെ.സച്ചിദാനന്ദനെ പരിഹസിച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് ശ്രീകുമാരൻ‌ തമ്പി

തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് തികഞ്ഞ നിസ്സംഗതയോടെ ഏറ്റെടുക്കുന്നുവെന്നും സെൻ ബുദ്ധിസം അതാണ് തന്നെ പഠിപ്പിച്ചതെന്നും പ്രതികരിച്ച് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന കെ.സച്ചിദാനന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ‌ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നുവെന്നും, അദ്ദേഹം സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരൻ‌ തമ്പി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചു.

ശ്രീകുമാരൻ‌ തമ്പി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

“ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരള സാഹിത്യ അക്കാദമിയിൽ അദ്ധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!! പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ എന്നാണല്ലോ’ – ഫെയ്സ്ബുക്കിൽ കുറിച്ചു.

നേരത്തേ, തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് തികഞ്ഞ നിസ്സംഗതയോടെ ഏറ്റെടുക്കുന്നുവെന്നും സെൻ ബുദ്ധിസം അതാണ് തന്നെ പഠിപ്പിച്ചതെന്നും സച്ചിദാനന്ദൻ പ്രതികരിച്ചിരുന്നു. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത് പ്രവൃത്തിയാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.

Related Articles

Latest Articles