കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ മകള്‍ ആശ ലോറൻസ് ഹൈക്കോടതിയിൽ. മതാചാരപ്രകാരം സംസ്കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും. നേരത്തെ മൃതദേഹം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ആശ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉപദേശക സമിതി രൂപീകരിച്ച് വിഷയം തീര്‍പ്പാക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. മക്കളായ അഡ്വ. എം.എല്‍. സജീവന്‍, സുജാത ബോബന്‍ എന്നിവര്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അറിയിച്ചപ്പോള്‍ മകള്‍ ആശ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. മൃതദേഹം സംസ്‌കരിക്കണമെന്നാണ് ആശ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നാണ് സമിതി പരാതിക്കാരുടെ വാദം കേട്ടശേഷം വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തിയിരുന്നു.
നേരത്തെ, എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാൻ തീരുമാനമെടുത്ത സുജാത ഇന്നലെ മെഡിക്കൽ കോളേജ് കമ്മിറ്റിക്ക് മുൻപാകെ രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. എന്നാൽ വിഷയം കുടുംബപ്രശ്നമായതോടെ മതാചാരപ്രകാരം സംസ്കരിക്കാൻ താത്പര്യപ്പെടുന്നതായി വാക്കാൽ കമ്മിറ്റി മുൻപാകെ അറിയിച്ചിരുന്നു. രേഖാമൂലം ഇത് എഴുതി നൽകിയില്ല. രോഗബാധിതനായ സമയത്ത് മതാചാരപ്രകാരം സംസ്കാരം നടത്താൻ ലോറൻസ് ആഗ്രഹിച്ചുവെന്നും ഇത് തെളിയിക്കുന്ന ഓഡിയോ റെക്കോർഡും ഉണ്ടെന്നും സുജാത സൂചിപ്പിച്ചു. എന്നാൽ അത് പിന്നീട് നഷ്ടപ്പെട്ടുവെന്നും സുജാത അറിയിച്ചു.

