ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കി ഒരു ഇന്ത്യൻ ഗ്രാമം. എന്നാൽ സാക്ഷരത നിരക്ക് ഏറ്റവും ഉയർന്ന, സമ്പൂർണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലല്ല ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ‘ധോറ മാഫി’ എന്ന രാജ്യത്തിനഭിമാനമായ ഈ ഗ്രാമം ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
2002-ലാണ് ധോറ മാഫി ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമമായി ‘ലിംക ബുക്ക് ഓഫ് റെക്കോർഡ്’സിൽ ഇടംപിടിച്ചത്. നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും പ്രൊഫസർമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ ഗ്രാമം ഇതിനോടകം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 75 ശതമാനത്തിലധികമാണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്.
തടസങ്ങളില്ലാതെ 24 മണിക്കൂറും വൈദ്യുതിയും ജലവിതരണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കോളേജുകളുമുള്ള രാജ്യത്തെ ഏറ്റവും വികസിത ഗ്രാമങ്ങളിലൊന്നായി ഉയർന്നിരിക്കുകയാണ് ഇന്ന് ധോറ മാഫി. പതിനായിരം മുതൽ പതിനൊന്നായിരം വരെയാണ് ഇവിടത്തെ ജനസംഖ്യ. ഇവിടുത്തെ 80 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് . ഗ്രാമത്തിലെ മുതിർന്നവരിൽ ഭൂരിഭാഗവും സ്വന്തമായി ജോലി ഉള്ളവരാണ്.

