Friday, May 17, 2024
spot_img

നിയമസഭയിലെ കയ്യാങ്കളി കേസ് തുടരന്വേഷിക്കണം!: ആവശ്യവുമായി ഇടത് മുൻ എംഎൽഎമാരായ ഇ.എസ്.ബിജിമോളും ഗീതാ ഗോപിയും കോടതിയെ സമീപിച്ചു

തിരുവനന്തപുരം: കേരളത്തെ ഒന്നാകെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയ നിയമസഭയിലെ കയ്യാങ്കളി കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യവുമായി മുൻ എംഎൽഎമാർ കോടതിയിൽ ഹർജി നൽകി. സിപിഐ നേതാവും പീരുമേട് എംഎൽഎയുമായിരുന്ന ഇ.എസ്.ബിജിമോളും നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുമാണ് സിജെഎം കോടതിയെ സമീപിച്ചത്. ഹർജിയിലെ നിയമ സാധുത പരിശോധിക്കാനും വിശദവാദം കേൾക്കാനും കേസ് ഈ മാസം 29ന് പരിഗണിക്കും.

നിയമസഭയിലെ കയ്യാങ്കളിയിൽ പരിക്ക് പറ്റിയതായും ഹർജിയിൽ പറയുന്നു. മ്യൂസിയം പൊലീസിന് പരാതി നൽകിയെങ്കിലും പരുക്കിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും പൊലീസ് സമർപിച്ച കുറ്റപത്രത്തിൽ ഇരുവരുടേയും വൂണ്ട് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മൊഴി രേഖപ്പെടുത്തുകയോ സാക്ഷിയാക്കുകയോ ചെയ്തില്ലെന്നും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. നിയമസഭ കയ്യാങ്കളി കേസിൽ കോടതിയിൽ കുറ്റപത്രം വായിച്ചിരുന്നുവെങ്കിലും വിചാരണ തീയതി തീരുമാനിച്ചിട്ടില്ല.

മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയ്ക്കുള്ളിൽ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.

Related Articles

Latest Articles