Tuesday, April 30, 2024
spot_img

പരിക്ക് ഭേദമായില്ല;ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ; അടുത്ത വർഷത്തോടെ താരം ടെന്നീസ് കോർട്ടിനോട് വിട പറയും !

പാരീസ് : ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ടെന്നീസില്‍ നിന്ന് അടുത്തവര്‍ഷം വിരമിക്കുമെന്ന പ്രഖ്യാപനവുമായി സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. അടുത്ത വര്‍ഷം പ്രൊഫഷണല്‍ ടെന്നീസിലെ തന്റെ അവസാനവര്‍ഷമായിരിക്കുമെന്നാണ് കരുതുന്നതെന്ന് നദാല്‍ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിനിടെ ഇടുപ്പിനേറ്റ പരിക്കിൽ നിന്നും മുക്തനാകാത്തതിനാൽ 2023 ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുന്നതായും നദാല്‍ വ്യക്തമാക്കി.

‘കഴിഞ്ഞ നാല് മാസങ്ങള്‍ വളരെ കഠിനമായിരുന്നു. റോളണ്ട് ഗാരോസില്‍ എനിക്ക് കളിക്കാന്‍ സാധിക്കില്ല. മഹാമാരിക്ക് ശേഷം പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ ശരീരം അനുവദിക്കുന്നില്ല. കുറേ പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ നിര്‍ത്താനാണ് എന്റെ തീരുമാനം. തത്കാലം നിര്‍ത്തുകയാണ്. ചിലപ്പോള്‍ ഒന്നരമാസം അല്ലെങ്കില്‍ നാല് മാസം.’- നദാല്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രൊഫഷണല്‍ ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരങ്ങളിലൊരാളാണ് നദാല്‍. 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് നദാലിനുള്ളത്. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. നാല് തവണ യുഎസ് ഓപ്പണ്‍ നേടിയ നദാല്‍ രണ്ട് വീതം തവണ വിംബിള്‍ഡണും ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയിട്ടുണ്ട്.

കളിമണ്‍കോര്‍ട്ടിലെ അസാമാന്യപ്രകടനം താരത്തിന് കളിമൺ കോർട്ടിന്റെ രാജകുമാരൻ എന്ന ചെല്ലപ്പേരും നേടിക്കൊടുത്തു. 2005-മുതല്‍ 2008 വരെ തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ച നദാല്‍ പിന്നീട് പത്ത് കിരീടങ്ങള്‍ കൂടി നേടി.

Related Articles

Latest Articles