ദില്ലി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ 96 -ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. അദ്ദേഹത്തിന്‍റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായാണ് രാജ്യമൊട്ടാകെ ആചരിക്കുന്നത്.
അതേസമയം ചടങ്ങില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18,000 കോടിയുടെ സഹായം പ്രധാന്‍ മന്ത്രി സമ്മാന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക. നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
രാജ്യം കണ്ട കരുത്തനായ പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. 1998 മുതല്‍ 2004 വരെയാണ് വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്. ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം.
പൊക്രാന്‍ ആണവ പരീക്ഷണം, കാര്‍ഗില്‍ യുദ്ധം, പാര്‍ലമെന്റ് ആക്രമണം എന്നിങ്ങനെ നിര്‍ണായകമായ പല സംഭവങ്ങള്‍ക്കും വാജ്പേയി സര്‍ക്കാര്‍ സാക്ഷ്യം വഹിച്ചിരുന്നു. 1957ലെ രണ്ടാം ലോകസഭ മുതല്‍ ഒന്‍പതു തവണ അദ്ദേഹം ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2018 ഓഗസ്റ്റ് 16 നാണ് അദ്ദേഹം അന്തരിച്ചത്.

