ഓട്ടവ: ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് നേരെ ഖലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമത്തിൽ പങ്കാളിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പീൽ റീജിയണൽ പോലീസ് ഓഫീസർ സർജന്റ് ഹരീന്ദർ സോഹിയെ സസ്‌പെൻഡ് ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.
ഹരീന്ദർ സോഹി ഖലിസ്ഥാൻ പതാക കയ്യിൽ പിടിച്ചിരിക്കുന്നതായി വീഡിയോയിൽ കാണാം. ചുറ്റുമുള്ളവർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതും വ്യക്തമാണ്. പ്രകടത്തിൽ പങ്കെടുത്തപ്പോൾ അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പീൽ പോലീസ് വക്താവ് റിച്ചാർഡ് ചിൻ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നത് വരെ ഇത് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിടില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധ സമരങ്ങൾ സമാധാനപരമായി മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും, അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പീൽ റീജിയണൽ പോലീസ് അറിയിച്ചിട്ടുണ്ട്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ലെന്നും റിച്ചാർഡ് കൂട്ടിച്ചേർത്തു. അതേസമയം ഖലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം നടത്തിയ മൂന്ന് പേരെ ബ്രാംപ്ടണിൽ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിന് പിന്നാലെ ട്രൂഡോ സർക്കാരിനെതിരെ വ്യാപക വിമർശനമാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഉയരുന്നത്. ഖാലിസ്ഥാൻ ഭീകരർ ട്രൂഡോ സർക്കാർ വളം വച്ചു കൊടുക്കുകയാണെന്നും, നിയമത്തെ ഇക്കൂട്ടർക്ക് ഭയമില്ലെന്നുമാണ് പ്രധാന വിമർശനം. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവെ പറഞ്ഞു. ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

