അഹമ്മദാബാദ്: അഹമ്മദാബാദിൽ അനധികൃതമായി പ്രവേശിച്ച നാല് ബംഗ്ലാദേശ് പൗരന്മാരെ എടിഎസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ യുവാക്കളെ തീവ്രവാദികളാക്കാൻ ശ്രമിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും ആരോപിച്ചാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. ഭീകരസംഘടനയായ അൽ-ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നാല് പേർക്കും പങ്കുണ്ടെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രൻ പറഞ്ഞു.
മുഹമ്മദ് സോജിബ്, മുന്ന ഖാലിദ് അൻസാരി, അസ്ഹറുൽ ഇസ്ലാം അൻസാരി, മോമിനുൾ അൻസാരി എന്നിവരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ മുഹമ്മദ് സോജിബ് മുൻപ് അഹമ്മദാബാദിലെ രാഖിയാൽ പ്രദേശത്താണ് താമസിച്ചിരുന്നത്. അതിനാൽ ആദ്യംവി മുഹമ്മദ് സോജിബിനെ പോലീസ് ചോദ്യം ചെയ്തു. താനും മറ്റ് മൂന്ന് വ്യക്തികളും അൽ-ഖ്വയ്ദയുടെ ശൃംഖലയുമായി ബന്ധമുള്ളവരാണെന്നും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഷെരീഫുൾ ഇസ്ലാം എന്നറിയപ്പെടുന്ന ഹാൻഡ്‌ലറിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും മുഹമ്മദ് സോജിബ് പോലീസിനോട് പറഞ്ഞു.

