ഡമാസ്‌കസ്: സിറിയയില്‍ നിന്നും ഐഎസിനെ തുടച്ച്‌ നീക്കാനുള്ള ശ്രമം ശക്തമാകുന്നു. ഇറാഖ് അതിര്‍ത്തിയിലുള്ള സിറിയയിലെ ദെയര്‍ അസ് സോര്‍ പ്രവിശ്യയിലെ ബഗൂസില്‍ നിന്നും ഇപ്പോള്‍ ഭീകരരെ തുരത്താനുള്ള നീക്കം പുരോഗമിക്കുകയാണെന്നും ഇപ്പോഴും പോരാട്ടം തുടരുകയാണെന്നുമാണ് വിവരം. ഐഎസിന്റെ അവസാന ശക്തി കേന്ദ്രമാണ് ബഗൂസ്

അമേരിക്കയുടെ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്.ഡി.എഫ്.) ഭീകരരുമായി മേഖലയില്‍ കനത്തപോരാട്ടം നടക്കുകയാണെന്ന് എസ്.ഡി.എഫ്. മാധ്യമവിഭാഗം മേധാവി മുസ്തഫ ബാലി ശനിയാഴ്ച അറിയിച്ചു. ഏറ്റുമുട്ടല്‍ ഉടന്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. ഏറ്റുമുട്ടലിൽ മൂന്ന് എസ്.ഡി.എഫുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മേഖലയില്‍ കുടുങ്ങിക്കിടന്ന അവസാനസംഘം നാട്ടുകാരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കീഴടങ്ങാന്‍ തയ്യാറല്ലാത്ത ഭീകരരാണ് മേഖലയില്‍ അവശേഷിക്കുന്നതെന്നും ബാലി, എ.എഫ്.പി. വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.