Saturday, May 4, 2024
spot_img

മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ്; ഒരു യാത്രക്കാരന് പരിക്കേറ്റു; സംഭവത്തിന് പിന്നിൽ കയായിലെ വിമത സേനയാണെന്നാണ് സൈനിക ഭരണകൂടത്തിന്റെ ആരോപണം

3,500 അടി ഉയരത്തില്‍ പറക്കുന്നതിനിടെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ്. ഒരു യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് ലോയ്കാവില്‍ വിമാനം ഇറക്കിയ ശേഷം യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലത്തു നിന്ന് അജ്ഞാതര്‍ വിമാനത്തിന് നേരെ വെടിയുതിര്‍ത്തെന്നാണ് വിലയിരുത്തല്‍. ആക്രമണത്തിന് പിന്നില്‍ കയായിലെ വിമത സേനയാണെന്നാണ് സൈനിക ഭരണകൂടത്തിന്റെ ആരോപണം. എന്നാലിത് വിമത സംഘടനകള്‍ നിഷേധിച്ചു.

വിമാനം 3,500 അടി ഉയരത്തിലും വിമാനത്താവളത്തിന് നാല് മൈല്‍ വടക്കുമായാണ് പറന്നുകൊണ്ടിരുന്നതെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസ് അറിയിച്ചു.

കരെന്നി നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ‘തീവ്രവാദികളാണ്’ വെടിവയ്പ്പ് നടത്തിയതെന്ന് മ്യാന്‍മറിലെ ഭരണകക്ഷിയായ സൈനിക കൗണ്‍സിലിന്റെ വക്താവ് മേജര്‍ ജനറല്‍ സോ മിന്‍ ടുണ്‍ പറഞ്ഞു. സായുധ ഗ്രൂപ്പായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിലെ തങ്ങളുടെ സഖ്യകക്ഷികളോടൊപ്പം ഈ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘യാത്രാ വിമാനത്തിന് നേരെയുള്ള ഇത്തരത്തിലുള്ള ആക്രമണം അംഗീകരിക്കാനാവില്ല . സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളും സംഘടനകളും സംഭവത്തെ അപലപിക്കേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു. ‘

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഓങ് സാന്‍ സൂകി സര്‍ക്കാരിനെ അട്ടിമറിച്ച് 2021-ലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അന്ന് മുതല്‍ കായയില്‍ സൈനികരും പ്രാദേശിക പ്രതിരോധ ഗ്രൂപ്പുകളും തമ്മില്‍ കടുത്ത പോരാട്ടം തുടരുകയാണ്.

Related Articles

Latest Articles