ഇംഫാൽ :മണിപ്പൂരിൽ അസം റൈഫിൾസ് സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഇംഫാലിന് സമീപം ബിഷ്ണുപൂർ-ഇംഫാൽ പാതയിലെ നംബോൾ സാബൽ ലെയ്കായിലാണ് സംഭവം. ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസിന്റെ 407 ടാറ്റാ ട്രക്കിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഒരു ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ആക്രമണത്തെ അപലപിച്ചു. മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു. ഇത്തരത്തിലുള്ള അക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും സമാധാനവും സ്ഥിരതയും സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
മണിപ്പൂരിൽ ചില പോലീസ് സ്റ്റേഷൻ പരിധികളിലൊഴികെ മുഴുവൻ സംസ്ഥാനത്തും സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) നിലവിലുണ്ട്. നംബോൾ ബിഷ്ണുപൂർ ജില്ലയിലാണ്, ഈ പ്രദേശം എ.എഫ്.എസ്.പി.എ.യുടെ പരിധിയിൽ വരുന്നില്ല.
മണിപ്പൂരിൽ ഒമ്പത് മെയ്തേയ് തീവ്രവാദ സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. 2021 നവംബറിൽ ചുരാചന്ദ്പൂർ ജില്ലയിൽ കേണൽ വിപ്ലവ് ത്രിപാഠിയെയും ഭാര്യയെയും മകനെയും വധിച്ചതടക്കം മുൻപ് അസം റൈഫിൾസിനെതിരെ ആക്രമണങ്ങൾ നടത്തിയത് ഈ സംഘടനകളാണ്. സെഹ്കെൻ ഗ്രാമത്തിന് സമീപം നടന്ന ആ ആക്രമണത്തിൽ കേണൽ വിപ്ലവ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മൂന്ന് ക്വിക്ക് റിയാക്ഷൻ ടീം സൈനികർ എന്നിവർ കൊല്ലപ്പെട്ടിരുന്നു.

