ലണ്ടൻ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ബ്രിട്ടീഷ് പാർലമെന്റിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആഘോഷിച്ച് യു കെ എംപിയും മോദിയുടെ അടുത്ത അനുയായിയുമായ ബോബ് ബ്ലാക്ക്‌മാൻ . സെപ്റ്റംബർ 17-ന് നടന്ന ഈ പരിപാടിയുടെ ചിത്രങ്ങൾ എംപി തന്റെ എക്സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചു.
ചടങ്ങിൽ പങ്കെടുത്തവർ പ്രധാനമന്ത്രി മോദിയുടെ ചിത്രം ആലേഖനം ചെയ്ത മുഖം മൂടികൾ ധരിച്ചാണ് ആഘോഷത്തിൽ പങ്കെടുത്തത്. ഇന്ത്യൻ പ്രവാസ സമൂഹവുമായി മോദിക്കുള്ള അടുത്ത ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ പ്രത്യേക ജന്മദിനാഘോഷം. നേരത്തെയും ഇന്ത്യൻ സമൂഹത്തിന്റെ പരിപാടികൾക്ക് ബ്ലാക്ക്‌മാൻ പിന്തുണ നൽകിയിട്ടുണ്ട്.
ജൂണിൽ, പാകിസ്ഥാനെ ഒരു ‘പരാജയപ്പെട്ട രാഷ്ട്രം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്ലാക്ക്‌മാൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനെത്തിയ ബിജെപി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർലമെന്ററി സംഘവുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. വികസന പ്രവർത്തനങ്ങൾക്കായി നൽകുന്ന അന്താരാഷ്ട്ര സഹായം ഭീകരർക്ക് ചൈനീസ് ആയുധങ്ങൾ വാങ്ങാൻ പാകിസ്ഥാൻ ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്കയും അദ്ദേഹം അന്ന് ഉയർത്തിയിരുന്നു.

