Thursday, January 8, 2026

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ സംഘർഷം. ബുൾഡോസറുകളുമായി എത്തിയ അധികൃതരെ തടയാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു. സംഘർഷത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് മിതമായ ബലപ്രയോഗം നടത്തിയതായും നിലവിൽ പ്രദേശം സുരക്ഷാ വലയത്തിലാണെന്നും അധികൃതർ അറിയിച്ചു.

അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ എന്നതിലുപരി, ഫൈസ്-ഇ-ഇലാഹി പള്ളിക്ക് 2025 നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. 15 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലെ മുഖ്യപ്രതിയും ‘വൈറ്റ് കോളർ ഭീകരതയുടെ’ മുഖവുമായ ഡോ. ഉമർ ഉൻ നബി, സ്ഫോടനം നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഈ പള്ളി സന്ദർശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പള്ളി സന്ദർശിച്ച ശേഷമാണ് ഇയാൾ ബോംബ് ഘടിപ്പിച്ച കാറുമായി ചെങ്കോട്ടയിലേക്ക് പോയത്. ഈ പശ്ചാത്തലത്തിൽ പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നത് സുരക്ഷാപരമായ പ്രാധാന്യത്തോടെയാണ് അധികൃതർ കാണുന്നത്.

കല്ലേറുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദിൽ കാസിഫ്, മുഹമ്മദ് കൈഫ്, മുഹമ്മദ് ആരിബ് തുടങ്ങി ആറ് പേർക്കെതിരെ കല്ലേറിനും, അദ്നാൻ, സമീർ എന്നിവർക്കെതിരെ വാട്സാപ്പ് വഴി വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും കേസെടുത്തു. സമാജ്‌വാദി പാർട്ടി എം.പിയും പാർലമെന്റ് സ്ട്രീറ്റ് പള്ളിയിലെ ഇമാമുമായ മോഹിബുള്ള നദ്‌വി ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി ആരോപണമുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഡ്രോൺ ക്യാമറകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞു വരികയാണെന്ന് സെൻട്രൽ റേഞ്ച് ജോയിന്റ് കമ്മീഷണർ മധുർ വർമ്മ പറഞ്ഞു.

അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു ബാങ്ക്വറ്റ് ഹാൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങളാണ് പൊളിച്ചുനീക്കുന്നത്. കോടതി ഉത്തരവ് പ്രകാരമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും രാംലീല മൈതാനത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നത് നഗരത്തിന്റെ ശുചിത്വത്തിന് അത്യാവശ്യമാണെന്നും ഡൽഹി മേയർ രാജാ ഇക്ബാൽ സിംഗ് വ്യക്തമാക്കി. ചിലർ മതപരമായ വികാരം ഇളക്കിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന സമിതികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് ഉറപ്പുനൽകി.

Related Articles

Latest Articles