Monday, June 17, 2024
spot_img

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു !മതനിന്ദ ആരോപിച്ച് സർഗോധയിൽ ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിച്ച് വീടിന് തീയിട്ടു

പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിക്കുകയും വീടിന് തീ വയ്ക്കുകയും ചെയ്തു. സർഗോധ നഗരത്തിലാണ് ആക്രമണം നടന്നതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഒടുവിലത്തെ സംഭവമാണിത്.

പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിലെ മുജാഹിദ് കോളനിയിലാണ് സംഭവം. പ്രകോപിതരായ ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിക്കുകയും വീടിന് തീയിടുകയുമായിരുന്നു. വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന ചെറുകിട ഷൂ ഫാക്ടറിയും കത്തി നശിച്ചിട്ടുണ്ട്. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ ഇരയെയും പരിക്കേറ്റ മറ്റ് വ്യക്തികളെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയും ജനക്കൂട്ടം കല്ലെറിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ക്രമസമാധാനം തടസ്സപ്പെടുത്തുന്നവരെ കർശനമായി നേരിടുമെന്നും റീജിയണൽ പോലീസ് ഓഫീസർ അറിയിച്ചു.

പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ സർഗോധയിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിക്കുകയും പഞ്ചാബ് പോലീസിനോടും ജില്ലാ ഭരണകൂടത്തോടും പ്രദേശത്ത് ശാന്തത പുനഃസ്ഥാപിക്കാനും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാകിസ്ഥാനിലെ ജരൻവാലയിൽ സമാനമായ സംഭവം നടന്നിരുന്നു.
‘മതനിന്ദ’ ആരോപിച്ച് ആൾക്കൂട്ടം നടത്തിയ ആക്രമണത്തിൽ 21-ലധികം ക്രിസ്ത്യൻ പള്ളികളും നൂറിലധികം വീടുകളുമാണ് കത്തിനശിച്ചത്.

Related Articles

Latest Articles