Friday, May 3, 2024
spot_img

അട്ടപ്പാടി ദളിത് കൊലപാതകക്കേസ്; പൊലീസിനെതിരെ വിചാരണക്കോടതിയിൽ പരാതിയുമായി പ്രതികൾ; മുന്നറിയിപ്പ് നൽകി കോടതി

പാലക്കാട്: അട്ടപ്പാടി ദളിത് കൊലക്കേസിൽ പൊലീസിനെതിരെ വിചാരണക്കോടതിയിൽ പരാതിയുമായി പ്രതികൾ. പൊലീസ് മരുന്ന് നൽകിയില്ലെന്നാണ് പ്രതികളുടെ പരാതി. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്നലെ കീഴടങ്ങിയതിന് പിന്നാലെ രാത്രി ഭക്ഷണത്തിൻ്റെ പണം ഇവര്‍ തന്നെയാണ് കൊടുത്തതെന്നും പ്രതികൾ കോടതിയോട് വ്യക്തമാക്കി.

ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ ഇന്നലെ 11 പ്രതികൾ കീഴടങ്ങിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രതികള്‍ മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. നടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് മാറ്റാൻ വൈകിയതിനാൽ രാത്രി ഭക്ഷണത്തിൻ്റെ പണം പ്രതികൾ തന്നെയാണ് നൽകിയത്. ഇതും പ്രതികൾ കോടതിയിൽ പരാതിയായി അറിയിച്ചു. മാൻഡ് ചെയ്ത പ്രതികളുടെ മരുന്നും ഭക്ഷണവും സർക്കാർ നൽകണം എന്നാണ് പ്രതികളുടെ ആവശ്യം. കൈവിലങ്ങ് ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ പൊലീസിനോട് നിര്‍ദ്ദേശിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

കുറ്റം തെളിയുന്നത് വരെ പ്രതികൾ നിരപരാധികൾക്ക് തുല്യരെന്നും മാന്യമായി പെരുമാറണമെന്നും കോടതി പൊലീസിന് മുന്നറിയിപ്പ് നൽകി. പെരുമാറ്റം മോശമായാൽ നടപടി എടുക്കുമെന്നും പൊലീസിനോട് വിചാരണക്കോടതി താക്കീത് ചെയ്തു. അതേസമയം, കേസിൽ 49 മുതൽ 53 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും. 49ആം സാക്ഷി യാക്കൂബ്, 50ആം സാക്ഷി യാക്കൂബ്, 51ആം സാക്ഷി ഷൌക്കത്ത്, 52 ആം സാക്ഷി മുസ്തഫ എന്നിവരാണ് 53 ആം സാക്ഷി രവി എന്നിവരെയാണ് മണ്ണാർക്കാട് എസ്സി എസ്ടി വിചാരണക്കോടതി വിസ്തരിക്കുക. എല്ലാവരും വിവിധ മഹ്സറുകളിൽ ഒപ്പുവച്ചവരാണ്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Related Articles

Latest Articles