മധു വധക്കേസ്; കൂട്ടക്കൂറുമാറ്റം കൂടാതെ കുടുംബത്തിന് ഭീഷണിയും

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ തുടങ്ങാന്‍ വൈകിയത് സാക്ഷികളുടെ കൂട്ടമായ കൂറുമാറ്റത്തിന് കാരണമായി . കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വിചാരണയും ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തേതുപോലുള്ള കൂറുമാറ്റം ഉണ്ടാകില്ലായിരുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളും സാക്ഷികളും ഒരേസ്ഥലത്തുളളവരായതിനാൽ നാലുവര്‍ഷമായി പുറത്തുള്ള പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ എളുപ്പമായിരുന്നു. വിചാരണ നേരത്തേ നടത്തിയിരുന്നെങ്കില്‍ ഇതിനുള്ള സാധ്യത തടയാനാകുമായിരുന്നു.

മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി. കോടതിയിലാണ് വിചാരണ നടക്കുന്നത്. ഒന്നരവര്‍ഷത്തിനുശേഷമാണ് കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെപ്പോലും നിയമിക്കുന്നത്. ആദ്യം നിയമിക്കപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു. 2019-ല്‍ വി.ടി. രഘുനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും രാജിവെച്ചു. കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതില്‍ വിചാരണക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹൈക്കോടതി അഭിഭാഷകനായ സി. രാജേന്ദ്രനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. പ്രധാന സാക്ഷികള്‍ കൂറുമാറിയതോടെ ഇദ്ദേഹത്തിനെ മാറ്റണമെന്ന ആവശ്യം മധുവിന്റെ അമ്മ ഉള്‍പ്പെടെ ഉന്നയിച്ചു. തുടര്‍ന്ന് രാജേഷ് എം. മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. കൂറുമാറിയവര്‍ക്കെതിരേ നിയമപരമായ നടപടിയുണ്ടാകുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പറഞ്ഞു.