Sunday, May 19, 2024
spot_img

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും ഇസ്രയേൽ സർക്കാരും തമ്മിലുള്ള അസ്വസ്ഥതകൾ വർധിക്കുന്നതിനിടെയാണ് ചാനലിന് നിരോധനമേർപ്പെടുത്തുന്നത്. അൽ- ജസീറയുടെ വെബ്സൈറ്റും ഇനി ഇസ്രയേലിൽ പ്രവർത്തിക്കില്ല. ഇസ്രായേലിൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കാൻ ചാനലിന് നിയമപരമായി നിയന്ത്രണങ്ങളില്ല. ​യുദ്ധം നടക്കുന്ന ​ഗാസ മുനമ്പിലും നിയന്ത്രണങ്ങൾ ബാധകമല്ല.

അൽ-ജസീറയ്ക്ക് പൂട്ടിടുന്ന കാര്യം എക്സിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. ‘ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിന്‍റെ ഏകകണ്ഠമായ തീരുമാനമാണ്’, നെതന്യാഹു എക്സിൽ കുറിച്ചു.

ഹമാസിന്റെ ദൂതർക്ക് ഇസ്രയേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേൽ മന്ത്രി സ്ലോമോ കാർഹി നെതന്യാഹുവുമായിചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ ജസീറ ഉടൻതന്നെ പൂട്ടി ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു.വിദേശ ചാനലുകളെ നിരോധിക്കാൻ അധികാരം നൽകുന്ന ദേശീയ സുരക്ഷാ നിയമം കഴിഞ്ഞ മാസം ഇസ്രയേൽ പാസാക്കിയിരുന്നു.

Related Articles

Latest Articles