പാലക്കാട് : അട്ടപ്പാടി ദളിത് കൊലക്കേസിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മധുവിന് യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് ആവർത്തിച്ച് മണ്ണാർക്കാട് മുൻ മജിസ്ട്രേറ്റ് എം രമേശൻ കോടതിയെ അറിയിച്ചു. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശൻ ഇക്കാര്യം അറിയിച്ചത്. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു.
അതേസമയം മധുവിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ പോലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധന അടക്കം നടത്തിയിട്ടില്ല. പോലീസ് തയ്യാറാക്കിയത് വ്യാജ പരിശോധ റിപ്പോർട്ടെന്നും പ്രതിഭാഗം ആരോപിച്ചു. സംഭവ സമയത്ത് പോലീസ് ഇൻസ്പെക്ഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന് പ്രതിഭാഗം ചോദിച്ചു. എന്നാൽ പോലീസിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പരിശോധിക്കേണ്ട ആവശ്യം വന്നില്ല എന്നായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ കമ്മീഷന്റെ മൊഴി.
അവശനായ മധുവിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാത്തത് കസ്റ്റഡി മരണമെന്നതിന് തെളിവെന്ന് പ്രതിഭാഗം വാദിച്ചു. അവശനായ മധുവിനെ തൊട്ടടുത്ത് ആശുപത്രി ഉണ്ടായിരുന്നെകിൽ പൊലീസ് കാണിക്കുമായിരുന്നു എന്നാണ് വിശ്വാസമെന്ന് മുൻ മജിസ്ട്രേറ്റ് മറുപടി നൽകി. ഇല്ലെങ്കിൽ അത് പോലീസിൻ്റെ വീഴ്ചയെന്നും മുൻ മജിസ്ട്രേറ്റ് രമേശൻ പറഞ്ഞു. 2018 ഫെബ്രുവരി 22ന് 3.30നും 4.15നും ഇടയിലാണ് മധുവിൻ്റെ മരണമെന്ന് രമേശൻ അറിയിച്ചു. എഫ്ഐആർ തയ്യാറാക്കാൻ വൈകിയത് പോലീസിൻ്റെ വീഴ്ചയല്ലെന്നും എഫ്ഐആർ തയ്യാറാക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ മധു മരിച്ചതായി ഡോക്ടറുടെ രേഖയുണ്ടെന്നും രമേശൻ പറഞ്ഞു.

