Friday, December 19, 2025

ആന്ധ്രയില്‍ നിന്നും കാറിൽ നാല് കിലോ കഞ്ചാവ് കടത്താൻ ശ്രമം;മോഷണക്കേസ് പ്രതിയടക്കം 3 പേര്‍ പിടിയില്‍

തിരുവനന്തപുരം :ആന്ധ്രപ്രദേശിൽ നിന്നും നാല് കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മോഷണക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. കൊല്ലം പാരിപ്പള്ളി പുത്തൻകുളം നന്ദുഭവനിൽ നന്ദു (28), വെള്ളറട കലുങ്ക്നട ശാന്തറതലയ്ക്കൽ പുത്തൻവീട്ടിൽ വിപിൻ (26), തെന്നൂർ പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ, മുംതാസ് മൻസിലിൽ മുഹമ്മദ് (22), എന്നിവരാണ് അറസ്റ്റിലായത്.

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതികൾ നർക്കോട്ടിക് സെൽ സ്പെഷ്യൽ ടീമിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു.

ആന്ധ്രയിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി തമിഴ് നാടിന്റെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് നഗരത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിവിധ സ്ഥലങ്ങളിൽ നിന്നും മറ്റു ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് റെന്റ് എ കാർ വാടകയ്ക്കെടുത്താണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതിലും മറ്റു അന്വേഷണങ്ങൾ നടത്തിയതിലും പ്രധാന പ്രതിയായ നന്ദു തൈക്കാട് ആശുപത്രി ഓഫീസിൽ കയറി ലാപ്ടോപ്പ് മോഷണം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകനാണ് നന്ദു. നന്ദുവിന്‌ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ.യുമായി പിടിയിലായ കേസ്, കടമ്പാട്ടുകോണം മത്സ്യ മാർക്കറ്റിലെ ഓഫീസ് കുത്തിത്തുറന്ന് 35000 രൂപ കവർന്ന കേസ്, കല്ലമ്പലത്ത് മെഡിക്കൽ ഷോപ്പിൽ കവർച്ച നടത്തിയ കേസ് , ചടയമംഗലത്ത് സ്കൂളുകളിൽനിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസ്, ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളിൽ നിന്ന് മാല കവർന്ന കേസുമുൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അറുപതോളം കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ മുഹമ്മദ് പാലോട് അടിപിടിക്കേസ്സിൽ പ്രതിയാണ്.

Related Articles

Latest Articles