Saturday, June 1, 2024
spot_img

പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമം; അറസ്റ്റിലായ പൈലറ്റ് ലഹരി കൂണുകൾ ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം ; എഞ്ചിൻ ഓഫ് ചെയ്തതിന് പുറമെ വിമാനത്തിന്റെ എമർജൻസി ഡോറുകളും തുറക്കാൻ ശ്രമിച്ചുവെന്ന് ജീവനക്കാർ

ലൊസാഞ്ചലസ് : പറക്കുന്നതിനിടെ എഞ്ചിൻ ഓഫ് ചെയ്ത് വിമാനത്തെ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് സംഭവസമയം ലഹരി നൽകുന്ന കൂൺ കഴിച്ചിരുന്നതായി മൊഴി. മാജിക് മഷ്‌റൂം എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂൺ കഴിച്ചതിനെ ത്തുടർന്ന് ഇയാൾക്ക് നാഡീസ്‌തംഭനം ഉണ്ടായതായും ഉന്മാദ അവസ്ഥയിലെത്തിയതായും കോടതിയിൽ സമർ‌പ്പിച്ച രേഖകളിൽ പറയുന്നു. അമേരിക്കയിലെ ഒറിഗോണിൽ അലാസ്ക എയർലൈൻസിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിചിത്ര സംഭവം അരങ്ങേറിയത്. വാഷിങ്ടണിലെ എവറെറ്റിൽ നിന്ന് നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പറക്കുകയായിരുന്നു വിമാനം. 80 യാത്രക്കാരും മൂന്ന് ജീവനക്കാരുമടക്കം 83 പേരായിരുന്നു സംഭവ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്. ഡ്യുട്ടിയിൽ ഇല്ലാത്ത ഡേവിഡ് എമേഴ്സൺ (44) എന്ന പൈലറ്റാണ് അറസ്റ്റിലായത്.

വിമാനത്തിന്റെ കോക്പിറ്റിലുള്ള അധിക സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന എമേഴ്സൻ, പറക്കുന്നതിനിടെ എൻജിനുകൾ ഓഫ് ചെയ്ത് വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു. വിമാനത്തിന്റെ പിൻഭാഗത്തുള്ള എമർജൻസി എക്‌സിറ്റ് തുറക്കാനും ശ്രമിച്ചു. നാൽപത് മണിക്കൂറിലേറെയായി താൻ ഉറങ്ങിയിട്ടില്ലെന്നും മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന കൂണുകൾ (സൈക്കഡെലിക് മഷ്റൂം) കഴിച്ചിരുന്നതായും ആദ്യമായാണ് ഇത് ഉപയോഗിച്ചതെന്നുമാണ് ഇയാൾ മൊഴി നൽകിയത്.

വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിനു പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, വിമാനം അപകടത്തിൽപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്,ഇയാൾ എഞ്ചിനുകൾ ഓഫ് ചെയ്തത് കണ്ട വിമാന ജീവനക്കാർ ഉടൻ തന്നെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒറിഗോണിലെ പോർട്ട് ലാൻഡിൽ വിമാനം അടിയന്തരമായി ഇറക്കി. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൈലറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles