തിരുവനന്തപുരം: അവസാന ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാകുന്നതോടെ ഇന്ന് വൈകുന്നേരം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. രാഷ്ട്രീയപ്പാർട്ടികളും നിരീക്ഷകരും സാധാരണ വോട്ടർമാരും ആകാംഷയോടെ കാത്തിരിക്കുകയാണ്. അന്തിമ ഫലത്തോട് ചേർന്ന് നിൽക്കുന്ന സൂചനകൾ എക്സിറ്റ് പോൾ ഫലങ്ങൾ നൽകും എന്നത് തന്നെ ഇത്തരം സർവേ ഫലങ്ങളെ ജനപ്രിയമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നതുകൊണ്ടുതന്നെ രാജ്യത്ത് എല്ലായിടത്തും വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷമേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ അനുവാദമുള്ളൂ. ഇന്ന് വൈകുന്നേരം എട്ടുമണി മുതൽ എക്സിറ്റ് പോൾ ഫലങ്ങളുടെ വിശകലനം തത്വമയി നെറ്റ്‌വർക്കിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ തത്സമയം ലഭ്യമായിരിക്കും.
അഭിപ്രായ സർവ്വേകളെല്ലാം എൻ ഡി എ യുടെ മൂന്നാം വരവ് തന്നെയാണ് പ്രവചിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകരുടെയും പോൾ സ്ട്രാറ്റെജിസ്റ്റുകളുടെയും അഭിപ്രായങ്ങളും അതുതന്നെയാണ്. നാനൂറിലധികം സീറ്റുകൾ നേടി എൻ ഡി എ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബിജെപി വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. എന്നാൽ വലിയ വിജയ പ്രതീക്ഷയുണ്ടെന്ന് പ്രതിപക്ഷ മുന്നണിയും അവകാശപ്പെടുന്നുണ്ട്. അതേസമയം ബിജെപി സത്യപ്രതിജ്ഞയുടെയും മന്ത്രിസഭാ രൂപീകരണത്തിന്റെയും ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

