Tuesday, December 30, 2025

പൊങ്കാല ഉത്സവത്തിനൊരുങ്ങി ആറ്റുകാല്‍; ദേവിക്ക് നാളെ കാപ്പുകെട്ട്; പൊങ്കാല 20 ന്

തിരുവനന്തപുരം: : ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കമാകും. രാത്രി 10.20-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. ഇത്തവണ കുത്തിയോട്ടവ്രതത്തിനായി 815 ബാലന്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാം ഉത്സവദിവസമായ 14-ന് രാവിലെ കുത്തിയോട്ടവ്രതം ആരംഭിക്കും. പൊങ്കാലദിവസമായ 20-ന് രാത്രി 7.30-നാണ് കുത്തിയോട്ടം ചൂരല്‍കുത്ത്. ഉത്സവത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 20-നാണ് ആറ്റുകാല്‍ പൊങ്കാല. 20-ന് രാവിലെ 10.15-ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാലനിവേദ്യം.

നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തിലെത്തും. ഉച്ചയ്ക്ക് 3.30-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള പ്രത്യേക യോഗം നടക്കും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം 6.30-ന് ചലച്ചിത്ര താരം മമ്മൂട്ടി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ ദേവീക്ഷേത്രം ട്രസ്റ്റ് നല്‍കുന്ന അംബാ പുരസ്‌കാരം പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാലിന് നല്‍കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊങ്കാല ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അംബ, അംബിക, അംബാലിക എന്നീ വേദികളിലായാണ് കലാപരിപാടികള്‍ നടക്കുക. പ്രധാന വേദിയായ അംബയില്‍ എല്ലാ ദിവസവും വൈകുന്നേരം കേരളത്തിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.

Related Articles

Latest Articles