നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ (Dileep) ദീലിപ് പദ്ധതിയിട്ടതിന് തെളിവുകൾ പുറത്ത്. നടന്‍ ദിലീപിന്റേയും കേസിന്റെ ഭാഗമായ വി.ഐ.പി എന്ന് പറയപ്പെടുന്നയാളുടെയും ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
ആലുവയിലെ ഒരു വിഐപിയും സംസാരിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. വിഐപിയെ അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല. ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷൻ സ്‌ക്രീനിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങൾ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

