Saturday, May 18, 2024
spot_img

കങ്കാരുക്കൾക്ക് പിടിവള്ളി !ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ 5 വിക്കറ്റിന് തകർത്ത് ആദ്യ ജയം രുചിച്ച് ഓസ്‌ട്രേലിയ

ലഖ്‌നൗ: 2023 ഏകദിന ലോകകപ്പിൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം രുചിച്ച് മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ. ശ്രീലങ്കയ്‌ക്കെതിരേ അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ലങ്ക ഉയര്‍ത്തിയ 210 റണ്‍സ് എന്ന സാമാന്യം ചെറിയ വിജയലക്ഷ്യം 35.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു.

ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും അർധ സെഞ്ചുറികളുമായി ടീമിനായി തിളങ്ങി. അതേസമയം മറുവശത്ത് മൂന്നാം തോല്‍വിയോടെ ലങ്കയുടെ സെമി സാധ്യത തുലാസിലായി.

24 റണ്‍സിനിടെ വമ്പനടിക്കാരായ ഡേവിഡ് വാര്‍ണര്‍ (11), സ്റ്റീവ് സ്മിത്ത് (0) എന്നിവരെ നഷ്ടമായ ശേഷമായിരുന്നു ഓസീസിന്റെ തിരിച്ചുവരവ്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷ് – മാര്‍നസ് ലബുഷെയ്ന്‍ സഖ്യം കൂട്ടിച്ചേർത്ത 57 റണ്‍സ് ഓസ്‌ട്രേലിയയുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം മത്സരത്തിൽ തിരികെക്കൊണ്ടു വന്നു. 51 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 52 റണ്‍സെടുത്ത മാര്‍ഷ് 15-ാം ഓവറില്‍ റണ്ണൗട്ടായി.തുടർന്ന് ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസ്, ലബുഷെയ്‌നെ ഒരു വശത്ത് നിർത്തി അടിച്ചുതകര്‍ത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു. 60 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 40 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കി മധുഷങ്കയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 59 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 58 റണ്‍സെടുത്ത ഇംഗ്ലിസാണ് ഓസ്‌ട്രേലിയൻ നിരയിലെ ടോപ് സ്‌കോറര്‍.

പിന്നീട് ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 21 പന്തില്‍ നിന്ന് 31 റണ്‍സോടെ ഓസീസ് ജയം ഉറപ്പാക്കി. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 20 റണ്‍സോടെ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
21.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സെന്ന അതി ശക്തമായ നിലയില്‍ നിന്നാണ് ലങ്ക തകര്‍ന്നടിഞ്ഞത്. 52 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് അവസാന ഒമ്പത് വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായത്.

ശ്രദ്ധയോടെ ബാറ്റ് വീശിയ പതും നിസ്സങ്ക – കുശാല്‍ പെരേര ഓപ്പണിങ് സഖ്യം പിന്നീട് സ്‌കോറിങ് വേഗത്തിലാക്കി. 67 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 61 റണ്‍സെടുത്ത നിസ്സങ്കയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 27-ാം ഓവറില്‍ കുശാല്‍ പെരേരയേയും കമ്മിന്‍സ് മടക്കിയതോടെ ലങ്കയുടെ ശനിദശ ആരംഭിച്ചു. 82 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 78 റണ്‍സെടുത്ത പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (9), സദീര സമരവിക്രമ (8), ധനഞ്ജയ ഡിസില്‍വ (7), ദുനിത് വെല്ലാലഗെ (2), ചമിക കരുണരത്നെ (2), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവരെല്ലാം മികച്ച സ്‌കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ ഓപ്പണർമാരുടെ പ്രകടനം അപ്രസക്തമായി. നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ലങ്കയുടെ മധ്യനിര തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Latest Articles