Sunday, June 2, 2024
spot_img

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ വംശജകൂടിയായ മിസ് ടീൻ യു.എസ്.എ ഉമാസോഫിയ ശ്രീവാസ്തവ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചത്. സൗന്ദര്യമത്സരത്തിന്റെ സംഘാടകരായ മിസ് യു.എസ്.എ ഓർഗനൈസേഷനുമായുള്ള കരാർ അവസാനിപ്പിച്ചാണ് ഇരുവരും കിരീടമഴിച്ചുവച്ചത്. സംഘാടകരുടെ ചൂഷണത്തെ തുടർന്നാണ് സൗന്ദര്യറാണിമാർ കിരീടം വെടിഞ്ഞത്. ഇപ്പോഴിതാ അവർ അനുഭവിച്ചുതീർത്ത മാനസികസംഘർഷങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് ചർച്ചയാകുന്നത്.

മാനസികരോഗ്യം ശ്രദ്ധിക്കാനും സ്വയം കരുതലിനുമാണ് രാജി വയ്ക്കുന്നത് എന്നാണ് ഇരുപത്തിനാലുകാരിയായ നൊവേലിയ പറഞ്ഞത്. ഇതിന് 48 മണിക്കൂറിനകമാണ് കൗമാരസുന്ദരിയായ ഉമാസോഫിയ രാജിക്കത്ത് നൽകിയത്. താൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ, സൗന്ദര്യമത്സര സംഘാടകരുടേതുമായി ചേർന്നുപോകില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ നൊവേലിയയുടെ രാജിക്കത്ത് ചോർന്നതോടെ യു.എസ്. സൗന്ദര്യ മത്സര വിപണിയിലെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറംലോകത്തെത്തുന്നത്.

മിസ് യു.എസ് പെജന്റിന്റെ 72 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ രാജി വിവാദമാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. ഒരു വർഷത്തെ കരാർ വച്ച് സൗന്ദര്യമത്സര വിജയികളെ കടുത്ത ചൂഷണത്തിനിരയാക്കുന്നതായാണ് നൊവേലിയയുടെ രാജിക്കത്തിൽ പറയുന്നത്. ഇവന്റുകളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുക, പൊതുപരിപാടികളിൽ സംസാരിക്കുക, സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുക എല്ലാം മിസ് യു.എസ്.എ ഓർഗനൈസേഷന്റെ ചൊൽപ്പടിയിലായിരിക്കണം. വാണിജ്യ താൽപര്യങ്ങൾക്കായി സുന്ദരിമാരെ ഒരു പാവയേപ്പോലെ അവർ നിയന്ത്രിക്കും. സ്വന്തമായി അഭിപ്രായം പറയാനോ താൽപര്യമില്ലാത്ത വേദികളിൽ നിന്ന് വിട്ടു നിൽക്കാനോ പറ്റാത്ത അവസ്ഥ! തടവിലാക്കപ്പെട്ട പ്രതീതിയായിരുന്നുവെന്ന് കത്തിൽ പറയുന്നു.

സംഘടനയിലെ കെടുകാര്യസ്ഥതയും വിഷലിപ്തമായ ജോലി സാഹചര്യവും നൊവേലിയ ചൂണ്ടിക്കാട്ടുന്നു. മാനസിക വിഷമങ്ങൾ മുൻനിർത്തി ചില ചടങ്ങുകളിൽ എത്താതിരുന്നപ്പോൾ വട്ടാണെന്നു പറഞ്ഞ് മറ്റുള്ളവർക്കു മുന്നിൽ തന്നെ താറടിക്കാനാണ് മിസ് യു.എസ്.എ സംഘടനയുടെ പുതിയ പ്രസിഡന്റും സി.ഇ.ഒയുമായ ലൈല റോസ് ശ്രമിച്ചത്. കരാർ ലംഘിച്ചാൽ അച്ചടക്ക നടപടിയെടുക്കുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഇ-മെയിലിൽ നിരന്തരം ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇത് അമേരിക്കൻ സുന്ദരിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയെന്ന് സുഹൃത്തുക്കളും ആരോപിക്കുന്നു.

പ്രൈസ് പാക്കേജിൽ പറഞ്ഞ യാത്രാ സൗകര്യങ്ങളോ അപ്പാർട്മെന്റോ കാറോ കിട്ടിയില്ലെന്നും അവർ പറഞ്ഞു. സുരക്ഷിതയല്ലെന്ന തോന്നൽ അതോടെ ഉടലെടുത്തു. കഴിഞ്ഞ ക്രിസ്തുമസ് വേളയിൽ ഫ്ലോറിയയിലെ സരസോട്ടയിൽ നടന്ന പരേഡിൽ ഔദ്യോഗിക ക്ഷണിതാവായിരുന്നു. അവിടെ ഒരു അപരിചിതന്റെ കാറിൽ കയറേണ്ടിവന്നു. ഇയാൾ ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും അശ്ലീലപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. സംഘടനയ്ക്ക് പരാതിനൽകിയിട്ടും നിരാശയായിരുന്നു ഫലമെന്നാണ് മിസ് യു.എസ്.എ പറയുന്നത്. വിവാദത്തിൽ പ്രതികരിച്ച മുൻ മിസ് മൊണ്ടാനയും യുട്യൂബ് കമന്റേറ്ററുമായ ഡാനി വാക്കറും സൗന്ദര്യമത്സര രംഗത്തെ അധാർമ്മിക പ്രവണതകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കൻ സൗന്ദര്യമത്സരത്തിൽ ചരിത്രം സൃഷ്ടിച്ചവരായിരുന്നു നൊവേലിയ വൊയ്റ്റും ഉമാസോഫിയ ശ്രീവാസ്തവയും. മിസ് ടീൻ ന്യൂജേഴ്സി കിരീടം നേടിയ ആദ്യ മെക്സിക്കൻ – ഇന്ത്യൻ മത്സരാർത്ഥിയാണ് ഉമാസോഫിയ. മിസ് യു.എസ്.എ പട്ടം നേടിയ ആദ്യ വെനസ്വേലിയൻ – അമേരിക്കൻ മത്സരാർത്ഥിയാണ് നൊവേലിയ. നിലവിൽ ഇരട്ട രാജിയെത്തുടർന്ന് അമേരിക്കയിലെ സൗന്ദര്യലോകം ആശങ്കയിലാണ്. കടന്നുവരാനിരിക്കുന്ന യുവതികൾ കരുതിയിരിക്കണമെന്നാണ് രാജിവച്ചവരുടെ മുന്നറിയിപ്പ്.

Related Articles

Latest Articles