Tuesday, May 21, 2024
spot_img

അയോദ്ധ്യയില്‍ ക്ഷേത്രം നിലനിന്നിരുന്നതിന്‍റെ നിർണ്ണായക തെളിവ്- ‘അയോദ്ധ്യയിലെ സ്തൂപങ്ങളിൽ ശിവരൂപങ്ങൾ കണ്ടെത്തി’; ചിത്രങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് അഭിഭാഷകർ

ദില്ലി : അയോദ്ധ്യയിലെ തർക്കഭൂമിയിൽ ശിവരൂപങ്ങളോട് കൂടിയ സ്തൂപങ്ങൾ കണ്ടെത്തിയതായി രാം ലല്ലാ വിരാജ്മാൻ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ സുപ്രീം കോടതിയെ അറിയിച്ചു. സ്തൂപങ്ങളുടെ ചിത്രങ്ങൾ ലഭ്യമായതായും അദ്ദേഹം പറഞ്ഞു.

കേസിൽ വാദം തുടരുന്നതിന്‍റെ ഏഴാം ദിവസമാണ് ക്ഷേത്രം നിലനിന്നിരുന്നതിന്‍റെ നിർണ്ണായക തെളിവ് കോടതിക്ക് മുൻപിൽ വിശദീകരിക്കപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേസിലെ മുഖ്യ കക്ഷിയായ രാം ലല്ലാ വിരാജ്മാൻ അഭിഭാഷകൻ തന്‍റെ ഭാഗം വിശദീകരിച്ചത്.

തർക്ക ഭൂമി പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍റെ കണ്ടെത്തലുകൾ മുതിർന്ന അഭിഭാഷകൻ കോടതിക്ക് മുമ്പാകെ വായിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം 1950 ഏപ്രിൽ 16ന് സ്ഥലം സന്ദർശിച്ച കമ്മീഷൻ ശിവരൂപങ്ങൾ കൊത്തിയ സ്തൂപങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.

സ്തൂപങ്ങളിൽ ദേവതാരൂപങ്ങൾ കൊത്തിവെക്കുന്നത് ക്ഷേത്രങ്ങളിലാണെന്നും മുസ്ലീം പള്ളികളിലല്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തർക്ക സ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നതിന്‍റെ നിർണ്ണായക തെളിവായി ഇത് പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു.

1950ൽ സ്ഥലത്ത് പരിശോധന നടത്തിയ കമ്മീഷന്‍റെ നിഗമനങ്ങളും സ്തൂപങ്ങളിൽ ദേവതാരൂപങ്ങൾ ചിത്രീകരിച്ചിരുന്നതിന്‍റെ തെളിവായ ഒരു ഭൂപടവും കോടതിക്ക് മുൻപിൽ സമർപ്പിക്കപ്പെട്ടു. ഇതിൽ നിന്നും അയോദ്ധ്യ ഹൈന്ദവരുടെ പുണ്യഭൂമിയാണെന്ന് വ്യക്തമാകുമെന്നും അഡ്വക്കേറ്റ് വൈദ്യനാഥൻ കോടതിയെ അറിയിച്ചു.

മണ്ഡപത്തിനുള്ളിലെ ദേവതാരൂപങ്ങളുടെ ഫോട്ടോ അടങ്ങിയ ഒരു ആൽബവും കോടതിക്ക് മുൻപാകെ സമർപ്പിക്കപ്പെട്ടു. സ്ഥലത്ത് രാമക്ഷേത്രം നിലനിന്നിരുന്നതിന്‍റെ നിർണ്ണായക തെളിവായി ഇവ പരിഗണിക്കപ്പെടുമെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles