Wednesday, May 15, 2024
spot_img

അയ്യാ വൈകുണ്ഠസ്വാമി സ്മാരക സ്റ്റാമ്പ്‌ പുറത്തിറക്കും! അനന്തപുരിക്ക് ഗ്യാരണ്ടി നൽകി രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : അയ്യാ വൈകുണ്ഠസ്വാമി സ്മാരക സ്റ്റാമ്പ് പുറത്തിറക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഗ്യാരണ്ടി. വിഎസ്ഡിപി സംഘടിപ്പിച്ച വൈകുണ്ഠസ്വാമിയുടെ ഇരുന്നൂറ്റി പതിനഞ്ചാം ജയന്തി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷ്ണുപുരം ചന്ദ്രശേഖര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അയ്യാ വൈകുണ്ഠസ്വാമി സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്ന കാര്യം രാജീവ് ചന്ദ്രശേഖറിനോട് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സ്റ്റാമ്പ് പുറത്തിറക്കാന്‍ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്കിയത്.

അനന്തപത്മനാഭന്‍ നാടാരുടെ പ്രതിമ പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ സ്ഥാപിച്ചത് നരേന്ദ്രമോദിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിച്ചു.

“നാനൂറിലേറെ സീറ്റുകള്‍ നേടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. ആ നാനൂറില്‍ ഒന്ന് തിരുവനന്തപുരം ആകാന്‍ വേണ്ടി എല്ലാവരുടെയും അനുഗ്രഹം വേണം. ഞാന്‍ എം.പിയായിക്കഴിഞ്ഞാല്‍ തിരുവനന്തപുരത്തിന്റെ വികസനത്തിനും എല്ലാ സമുദായത്തിനും ഒരേ പോലെ സേവനം ചെയ്യുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വൈകുണ്ഠ സ്വാമിയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ആരാണോ തയ്യാറാകുന്നത് അവര്‍ക്ക് പിന്നില്‍ കേരളത്തിലെ 40 ലക്ഷം വരുന്ന നാടാര്‍ സമുദായം അണിനിരക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍ വേദിയിൽ പറഞ്ഞു. പലരെയും സഹായിച്ചിട്ടുണ്ടെങ്കിലും നമുക്ക് അര്‍ഹതപ്പെട്ടത് പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കേരള കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.പൂഴിക്കുന്ന് സുദേവന്‍, വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് ശ്യാംലൈജു, ജില്ലാ പ്രസിഡന്റ് അരുണ്‍ പ്രകാശ് എസ്.ആര്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Latest Articles