Monday, April 29, 2024
spot_img

നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ ?? തുറന്നടിച്ച് സുപ്രീം കോടതി ! ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനം

ദില്ലി : മുൻ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ വൈകുന്നതിനെതിരെയാണ് വിമർശനം. സംസ്ഥാന സർക്കാർ പ്രതിയുമായി കൈകോർക്കുകയാണോ എന്ന് കോടതി തുറന്നടിച്ചു. ജസ്റ്റിസ് സി.ടി.രവികുമാർ, രാജേഷ് ബിൻഡൽ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1990 ഏപ്രിൽ 4നു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. നേരത്തെ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ആന്റണി രാജു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ എന്നും ഇക്കാരണത്താലാണോ എതിർ സത്യവാങ്മൂലം‍ സമർപ്പിക്കാൻ വൈകുന്നതെന്നും ആരാഞ്ഞ കോടതി എന്താണ് സംസ്ഥാന സർക്കാരിനു മുന്നിലുള്ള തടസ്സമെന്നും ചോദ്യമുന്നയിച്ചു.എത്രയും വേഗം എതിർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇത് വളരെ പ്രധാനപ്പെട്ട കേസാണെന്നും, ജനങ്ങൾക്ക് ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതുപോലുള്ള നടപടികൾ കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles