Wednesday, May 15, 2024
spot_img

അയ്യപ്പ മഹാ സത്രം;യജ്ഞ പരിപാടികൾക്ക് അവസാനം കുറിച്ച് കൊണ്ട് യജ്ഞ സമർപ്പണ സമ്മേളനം, ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി

റാന്നി: റാന്നിയിൽ നടന്നു വരുന്ന അയ്യപ്പ മഹാ സത്രത്തിന്റെ യജ്ഞ സമ്മേളനങ്ങൾക്ക് അവസാനം കുറിച്ചു കൊണ്ട് യജ്ഞ സമർപ്പണ സമ്മേളനം നടന്നു. സമ്മേളനം സത്ര ക്ഷേത്ര മേൽശാന്തിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന തിരുനാവായ് സുധീർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സത്ര വേദി പവിത്രമായെന്നും അയ്യപ്പൻറെ സാന്നിധ്യത്താൽ അയ്യപ്പ സത്രം അനുഗ്രഹിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മേൽശാന്തിയായിരുന്നത് അവിസ്മരണീയമായ അനുഭവമാണ്. മറ്റു മേൽശാന്തിമാർക്കു ലഭിക്കാത്ത അനുഭവമാണ് ലഭിച്ചത്.

കൊറോണ കാലത്തെ മേൽശാന്തിയായ തനിക്ക് 13 മാസം ശബരിമല മേൽശാന്തിയായിരിക്കാൻ അവസരം ലഭിച്ചു. അതിൽ 9 മാസം അയ്യപ്പനും താനും മാത്രമായിരുന്നു സന്നിധിയിൽ. അതൊരു വലിയ പരീക്ഷണ കാലം കൂടിയായിരുന്നു. ഭീതിയും, കൗതുകവും, ഭക്തിയും, ആനന്ദവും എല്ലാം അനുഭവിച്ചു. അയ്യപ്പനെ നേരിട്ട് കണ്ടു. ചില ഘട്ടങ്ങളിൽ താൻ തന്നെയാണോ അയ്യപ്പനെന്നു തോന്നിപോയിട്ടുണ്ടെന്നും, തത്വമസി ദർശനം തനിക്ക് സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിരുദ്ധ പ്രധിഷേധ കാലത്ത് ആഴിയിൽ ആത്മാഹുതി ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നു കോയമ്പത്തുർ ആര്യ വൈദ്യ ശാല ഫാർമസി എക്സിക്യൂട്ടിവ് സെക്രട്ടറി ഗോവിന്ദൻ കുട്ടി പറഞ്ഞു.

ആചാരങ്ങളെ തിരുത്തേണ്ടത് ആചാര്യന്മാരാണ്. അതിൽ സർക്കാർ ഇടപെട്ടതാണ് അസന്തുഷ്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സീരിയൽ ബാല നടി പാർഥവി ചടങ്ങിൽ പങ്കെടുത്തു. സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, വിജയലക്ഷ്മി, രമാ ദേവി ഗോവിന്ദ വാര്യർ, സുമതി ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Latest Articles