ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34) തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തഞ്ചാവൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽനിന്ന് സലേഷിനെ കണ്ടെത്തിയത്.
സലേഷിന്റെ മൊബൈൽഫോൺ ഓഫായതിനാൽ ആ വഴിയുള്ള അന്വേഷണം വഴി മുട്ടിയിരുന്നു. കഴിഞ്ഞ ദിവസം സലേഷ് എടിഎം കാർഡ് ഉപയോഗിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതോടെ സലേഷ് തഞ്ചാവൂർ പ്രദേശത്ത് ഉണ്ടെന്ന് മനസിലായി. തുടർന്ന് തഞ്ചാവൂരിലേക്കു പോയ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിശദമായ പരിശോധനയ്ക്കൊടുവിലാണ് സലേഷിനെ ലോഡ്ജിൽവച്ച് കണ്ടെത്തിയത്.
ഈ മാസം 8നു പൊലീസ് സ്റ്റേഷനിലേയ്ക്കു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ സലേഷ് തിരികെ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നു ചാലക്കുടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം കണ്ടെത്തിയ സലേഷിന്റെ ബൈക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.

