അറ്റ്‌ലാന്റ: ഒന്നും രണ്ടും വയസുള്ള ആൺ കുട്ടികളെ അടുപ്പിലിട്ട് ചുട്ടുകൊന്ന ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ജീവപര്യന്തവും 35 വര്‍ഷം അധികശിക്ഷയും വിധിച്ച് അമേരിക്കൻ കോടതി. നിലവിൽ മൂന്ന് കുട്ടികളുടെ അമ്മയായ ലാമോറ വില്യംസ് എന്ന യുവതിക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ശിക്ഷയ്ക്കിടെ പരോൾ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം യുവതി കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.
2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിചാരകയ്‌ക്കൊപ്പം നിര്‍ത്തിപ്പോയ തന്റെ രണ്ട് മക്കള്‍ മരിച്ചെന്നാണ് 911 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് മോറ വിളിച്ചറിയിച്ചത്. എന്നാല്‍ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. രണ്ട് വയസ്സുള്ള കെ യുന്റെ, ഒരുവയസ്സുള്ള ജാ കാര്‍ട്ടര്‍ എന്നീ കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ എമര്‍ജന്‍സി കോളോടെയാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ‘ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മക്കള്‍ രണ്ടുപേരും നിലത്ത് കിടക്കുന്ന നിലയിലാണ്. സ്റ്റൗ എന്റെ മൂത്ത മകന്റെ തലയില്‍ക്കിടക്കുന്നു. ഇളയമകന്റെ തലച്ചോറ് പുറത്തുവന്ന നിലയിലും. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. ജോലികഴിഞ്ഞ് ഞാന്‍ ഇപ്പോള്‍ എത്തിയതേയുള്ളൂ. ഇതെന്റെ തെറ്റല്ല. ദയവുചെയ്ത് സഹായിക്കണം’ എന്നായിരുന്നു മോറ വിളിച്ചുപറഞ്ഞത്. സംഭവസമയത്തുതന്നെ കുട്ടികളുടെ പിതാവും 911 നമ്പറിലേക്ക് വിളിച്ച് മക്കള്‍ മരിച്ച കാര്യം പറഞ്ഞു. ഭാര്യ വീഡിയോ കോള്‍ ചെയ്തിരുന്നെന്നും അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടുപേരും മരിച്ചുകിടക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടെന്നും അവര്‍ മരിച്ചുവെന്നാണ് കരുതുന്നതെന്നും ആണ് ഭര്‍ത്താവ് വിളിച്ചറിയിച്ചത്. എന്നാല്‍ കുഞ്ഞുങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നതിന്റെ തെളിവു ലഭിച്ചു. തല അടുപ്പിനകത്തേക്ക് വെച്ചതിനെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു കണ്ടെത്തല്‍. തലയില്‍ അനുഭവിച്ച താപത്തിന്റെ തോതും ദൈര്‍ഘ്യവും നിരീക്ഷിച്ചാണ് തല അടുപ്പിനകത്തേക്കുവെച്ചതാണെന്ന നിരീക്ഷണത്തിലെത്തിയത്. ഇതോടെ അറ്റ്‌ലാന്റ പോലീസ് മോറയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മകള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നാണ് മോറയുടെ അമ്മ പറയുന്നത്.

