Sunday, June 16, 2024
spot_img

ഡോ.ഡി ബാബു പോൾ; കേരളത്തിലെ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യം, ചിന്തിപ്പിച്ചും ചിരിപ്പിച്ചും സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ ശോഭിച്ചിരുന്ന എഴുത്തുകാരന്‍, വിശേഷണങ്ങൾ ഏറെ; വിടപറഞ്ഞത് അറിവിന്റെയും കാരുണ്യത്തിന്റെയും ആഴക്കടൽ

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേരളത്തിലെ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു ഡോ. ഡി ബാബുപോള്‍ . അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകന്‍, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവര്‍ത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍. ഇങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിന് സ്വന്തമായിരുന്നു. മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ ‘വേദശബ്ദ രത്‌നാകാരം’ മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഒമ്പതുവര്‍ഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്.

എന്‍ജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേല്‍ ബാബുപോള്‍ നാല്‍പ്പതുവര്‍ഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായിനിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി നിര്‍ണായക പദവികള്‍ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.

യാക്കോബായ സഭയുടെ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന ഫാദര്‍ പൗലോസ് ചീരോത്തോട്ടത്തിന്റെയും അദ്ധ്യാപികയായിരുന്ന മേരി പോളിന്റെയും മകനായി 1941 മെയ്‌ 29-ന് പെരുമ്പാവൂരിലയിരുന്നു ജനനം. അച്ഛന്‍ പ്രധാനാധ്യാപകനായിരുന്ന കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍സിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടി. തിരുവിതാംകൂര്‍ രാജാവിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. തുടര്‍ന്ന് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍കോളേജിലും തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറീങ്ങിലും പഠിച്ചു. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. 1962 -ല്‍ സര്‍ക്കാരില്‍ ജൂനിയര്‍ എന്‍ജിനീയറായി. 1964 -ല്‍ എഴാം റാങ്കോടെ ഐ.എ.എസ് വിജയിച്ചു.

കേരളത്തിലെ സിവില്‍ സര്‍വീസിനും ഭരണക്രമത്തിനും ദിശാബോധം നല്‍കിയയാള്‍ എന്ന നിലയിലാണ് ഡി. ബാബുപോളിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി രണ്ടായിരത്തില്‍ വിരമിച്ച ബാബുപോള്‍ പ്രധാനപ്പെട്ട വകുപ്പുകളുടെ എല്ലാം ചുമതല വഹിച്ചു. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പ്രൊജക്ട് ഓഫീസറും ആയിരുന്നു അദ്ദേഹം. 1972 ജനുവരി 26ന് ഇടുക്കി ജില്ല രൂപീകൃതമായപ്പോൾ ആദ്യ കളക്ടർ ആയിരുന്നു ഡി. ബാബുപോൾ. കോട്ടയം കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇടുക്കി ജില്ലയ്ക്ക് പൈനാവില്‍ ആസ്ഥാനം നിര്‍മിച്ചതും ബാബു പോളിന്റെ നേതൃത്വത്തിലാണ്. അതേസമയത്തു തന്നെ ബാബുപോളിന് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പ്രൊജക്ട് ഓഫിസര്‍ എന്ന ചുമതലകൂടി ഉണ്ടായിരുന്നു.

തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നു നേടിയ സിവില്‍ എന്‍ജിനിയറിങ് ബിരുദവുമായി സിവില്‍ സര്‍വീസില്‍ എത്തിയ ബാബുപോളിനെ മുഖ്യമന്ത്രി അച്യുതമേനോന്‍ വിശ്വസിച്ചേല്‍പിച്ചതായിരുന്നു ഇടുക്കി പദ്ധതി. കൊച്ചി തുറമുഖത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളുടെ അമരക്കാരനും മറ്റാരുമായിരുന്നില്ല. 1984 മുതല്‍ 88 വരെ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് മേജര്‍ തുറമുഖമെന്ന നിലയിലുള്ള കൊച്ചിയുടെ വളര്‍ച്ച സാധ്യമായത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി സര്‍വകലാശാല വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങളാണ് ബാബുപോള്‍ കൊണ്ടുവന്നത്.

രാഷ്ട്രീയ, സഭാ കേന്ദ്രങ്ങളുമായുള്ള വിയോജിപ്പ് കാരണം ആറുവര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹം ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തിയില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കുമ്പോള്‍ സ്വയംവിരമിച്ച്‌ തദ്ദേശഭരണ ഓംബുഡ്‌സമാനായി. 2001 -ല്‍ എ.കെ.ആന്റണി മന്ത്രിസഭ ഓംബുഡ്‌സ്മാനെ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക സേവനം അവസാനിച്ചു. അടൽ ബിഹാരി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഗവര്‍ണര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടംനേടിയെങ്കിലും ഗവര്‍ണറായില്ല. സംസ്ഥാന ഭരണരംഗത്തെ അടിമുടി പരിഷ്‌കരിച്ച നിരവധി ചട്ടങ്ങള്‍ രൂപപ്പെടുത്തിയത് ബാബു പോള്‍ ആണ്. വിടവാങ്ങുമ്പോഴും സംസ്ഥാനത്തിന്റെ മറ്റൊരു വമ്പന്‍ പദ്ധതിയുടെ അമരത്ത് ഉണ്ടായിരുന്നു. കിഫ്ബിയുടെ ഡയറക്ടര്‍ പദവിയില്‍.

2000ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1946ല്‍ ആദ്യത്തെ പ്രസംഗം നടത്തിയ ബാബു പോള്‍ 1949ല്‍ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. 1961ല്‍ ആണ് ആദ്യ പുസ്തകം പ്രകാശിതമായത്. കേന്ദ്രത്തിലെ മുന്‍ വ്യോമയാന സെക്രട്ടറിയും എയര്‍ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ കെ. റോയി പോളാണ് ഏകസഹോദരന്‍. ഭാര്യ -പരേതയായ നിര്‍മലാ പോള്‍. മക്കള്‍-ചെറിയാന്‍ സി. പോള്‍ (ബെംഗളുരു), മറിയം സി.പോള്‍. മരുമക്കള്‍: സതീഷ് (ബിസിനസ്, എറണാകുളം), ദീപ.

Related Articles

Latest Articles